സബ്കമ്മിറ്റി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും

ജലവിഭവകാര്യ പാര്‍ലമെന്‍ററി സബ്കമ്മിറ്റി ഇന്ന്‌ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സന്ദര്‍ശിക്കും. സാംബവശിവറാവു അധ്യക്ഷനായുള്ള കമ്മിറ്റിയാണ്‌ ഇന്ന്‌ മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാന്‍ എത്തുന്നത്‌.

ലോക്സഭയിലെയും രാജ്യസഭയിലെയും 25 എം.പിമാര്‍ ഉള്‍പ്പെട്ടതാണ് ജലവിഭവ സബ്‌കമ്മിറ്റി. കേരളത്തില്‍ നിന്നും കെ.ഇ ഇസ്മയില്‍, പി.ജെ കുര്യന്‍, ലോനപ്പന്‍ നമ്പാടന്‍ എന്നീ എം.പിമാരാണ് സമിതിയിലുള്ളത്. സമിതിയിലെ പത്ത് എം.പിമാരാണ് ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള ലോനപ്പന്‍ നമ്പാടന്‍ ഒഴികെയുള്ള രണ്ട് എം.പിമാരും സംഘത്തോടൊപ്പമുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് എം.പിമാര്‍ സമിതി അംഗങ്ങളാണെങ്കിലും അണക്കെട്ട് സന്ദര്‍ശനത്തിന് ഇവരുണ്ടാകില്ല. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥരും സമിതിയോടൊപ്പമുണ്ട്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‍റെ ആശങ്കകളും പുതിയ അണക്കെട്ടിന്‍റെ ആവശ്യകതയും സമിതി പരിശോധിക്കും. വിഷയത്തില്‍ തമിഴ്നാടിന്‍റെ ആക്ഷേപങ്ങളും സമിതി പരിശോധിക്കും. സന്ദര്‍ശനത്തിന് ശേഷം നാളെ എറണാകുളത്ത് വച്ച് തെളിവെടുപ്പും നടത്തും.

അണക്കെട്ടിന്‍റെ സുരക്ഷയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നാല് മാസം മുമ്പ് കെ.ഇ ഇസ്മയിലും പി.ജെ കുര്യനും പാര്‍ലമെന്‍റിന്‍റെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു. ഇതേ തുടര്‍ന്ന് ലോക്സഭാ സ്പീക്കറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട സമിതിയെ അണക്കെട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ പഠിക്കാന്‍ നിയോഗിച്ചത്.

സമിതി തയാറാക്കി ലോക്സഭയില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കേരളത്തിന് സഹായകരമായി മാറുമെന്നാണ് സംസ്ഥാനത്തിന്‍റെ പ്രതീക്ഷ. ഇതിനിടെ സമിതിയുടെ സന്ദര്‍ശനത്തിനെതിരെ എതിര്‍പ്പുമായി തമിഴ്നാട് രംഗത്ത് എത്തിയിരുന്നു.

സാങ്കേതിക ജ്ഞാനമില്ലാത്ത എം.പിമാരെക്കൊണ്ടു വന്ന് അനുകൂലമായ റിപ്പോര്‍ട്ടുണ്ടാക്കാന്‍ കേരളം ശ്രമിക്കുകയാണെന്ന് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ ആരോപിച്ചു.

വെബ്ദുനിയ വായിക്കുക