സഖാക്കള്‍ കൊല്ലപ്പെട്ട് ചോരയുണങ്ങുന്നതിന് മുമ്പ് വേദന കടിച്ചമര്‍ത്തി സമാധാന ചര്‍ച്ചയില്‍ പങ്കെടുത്തവരാണ് ഞങ്ങള്‍, ജയരാജനെതിരായ നടപടി രാഷ്ട്രീയ പ്രേരിതം, സിപിഎമ്മിനെ തടയാനാണ് നീക്കം: പിണറായി പൊട്ടിത്തെറിക്കുന്നു
ജയരാജനെതിരെയുള്ള നടപടി ആര്‍ എസ് എസിന്‍റെ ഗൂഢാലോചനയാണ്. സി ബി ഐ കൂട്ടിലടച്ച തത്തയാണെന്ന സുപ്രീംകോടതി പരാമര്‍ശം അന്വര്‍ത്ഥമാക്കുന്ന നിലപാടാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ജയരാജന് ജാമ്യം കിട്ടാതിരിക്കാനാണ് യു എ പി എ ചുമത്തിയിരിക്കുന്നത്. 505 ദിവസം അന്വേഷിച്ചിട്ട് കൊടുത്ത റിപ്പോര്‍ട്ടില്‍ ജയരാജന്‍ പ്രതിയല്ലെങ്കില്‍ ഇന്ന് അഞ്ഞൂറ്റിയെട്ടാം ദിവസം എന്ത് തെളിവാണ് കിട്ടിയിരിക്കുന്നതെന്നും പിണറായി വിജയന്‍ ചോദിച്ചു.
ആര്‍ എസ് എസിനെ പ്രീതിപ്പെടുത്തുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്നത്. അതിലൂടെ എന്തെങ്കിലും രാഷ്ട്രീയലാഭം കിട്ടുമോ എന്ന് ഉമ്മന്‍ചാണ്ടി നോക്കിക്കൊണ്ടിരിക്കുകയാണ്. രണ്ടും മൂന്നും സഖാക്കള്‍ കൊല്ലപ്പെട്ട് അവരുടെ ചോരയുണങ്ങുന്നതിന് മുമ്പ് വേദന കടിച്ചമര്‍ത്തി സമാധാന ചര്‍ച്ചകളില്‍ പങ്കെടുത്തവരാണ് ഞങ്ങള്‍. ആ സമാധനചര്‍ച്ചയുടെ രേഖയില്‍ മഷിയുണങ്ങുന്നതിന് മുമ്പ് വീണ്ടും കൊലപാതകം നടത്തിയവരാണ് ആര്‍ എസ് എസുകാര്‍. ഞങ്ങള്‍ എപ്പോഴും സമാധാനത്തിനാണ് ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടാണ്, അക്രമം അവസാനിപ്പിക്കുന്നതിനെപ്പറ്റി ചര്‍ച്ചയാകാമെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞപ്പോള്‍ ഞങ്ങള്‍ അതിനോട് സഹകരിക്കാമെന്ന് പറഞ്ഞത് - പിണറായി വിജയന്‍ വ്യക്തമാക്കി.