സംസ്ഥാന നേതൃത്വം ശത്രുതയോടെ പെരുമാറുന്നു; കാരാട്ടിന് വി എസിന്റെ കത്ത്

തിങ്കള്‍, 11 ഫെബ്രുവരി 2013 (20:07 IST)
PRO
PRO
തന്നോട് ശത്രുതയോടെ പെരുമാറുന്നുവെന്നും ഒറ്റപ്പെടുത്തുന്നുവെന്നും കാട്ടി വി എസ് അച്യുതാനന്ദന്‍ പ്രകാശ് കാരാട്ടിന് കത്തയച്ചു. പാര്‍ട്ടി പ്രമേയങ്ങള്‍ അവതരിപ്പിക്കുമ്പോഴോ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോഴോ തന്റെ അഭിപ്രായം തേടാറില്ലെന്നും വി എസ് കത്തില്‍ പറയുന്നു. ലാവ്‌ലിന്‍ കേസില്‍ വി എസിനെതിരേ ശക്തമായ നടപടിയെടുക്കാന്‍ കേന്ദ്രകമ്മിറ്റിയോട് ആവശ്യപ്പെടാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ച പശ്ചാത്തലത്തിലാ‍ണ് വി എസിന്റെ നീക്കം.

ലാവ്‌ലിന്‍ കേസ് സംബന്ധിച്ച വിവാദ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് വി എസ് അച്യുതാനന്ദനെതിരെ നടപടി ആവശ്യപ്പെടാന്‍ സിപിഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. ഇത് സംബന്ധിച്ച സെക്രട്ടറിയേറ്റ് പ്രമേയം സംസ്ഥാന സമിതി അംഗീകരിച്ചു. പ്രമേയം തുടര്‍ നടപടിക്കായി കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. വി എസിനെതിരെ നടപടി വേണമെന്ന സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ നിര്‍ദ്ദേശത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷംപേരും നടപടിയെ അനുകൂലിച്ചു. സംസ്ഥാന നേതൃയോഗത്തില്‍ അഞ്ച് പേര്‍ വി എസ്സിന് അനുകൂലമായി രംഗത്തെത്തി. എസ് ശര്‍മ്മ, കെ ചന്ദ്രന്‍പിള്ള, സി എസ് സുജാത, പിരപ്പന്‍കോട് മുരളി, ജെ മേഴ്‌സിക്കുട്ടിയമ്മ എന്നിവരാണ് വി.എസ്സിനെതിരായ നടപടിയെ എതിര്‍ത്തത്. മുതിര്‍ന്ന നേതാവ് കെ എന്‍ രവീന്ദ്രനാഥും തീരുമാനത്തെ എതിര്‍ത്തു.

ദേശിയ പണിമുടക്ക് വരുന്ന സാഹചര്യത്തില്‍ നടപടി മാറ്റിവെയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വി എസ് അച്യുതാനന്ദന്‍ യോഗത്തില്‍ പങ്കെടുത്തില്ല. കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിഎസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഎസിനെതിരെ നടപടി എടുക്കണമെന്ന് സംസ്ഥാന കമ്മിറ്റിയും തീരുമാനിച്ചു.

എസ്എന്‍സി ലാവലിന്‍ കേസില്‍ വിഎസ് നടത്തിയ വിവാദ പ്രസ്താവനയാണ് ഔദ്യോഗിക പക്ഷത്തെ ചൊടിപ്പിച്ചത്. പ്രസ്താവനയില്‍ രണ്ടു കുറ്റങ്ങള്‍ ഔദ്യോഗിക പക്ഷം ആരോപിക്കുന്നു. ലാവ്‌ലിന്‍ വിഷയത്തില്‍ പോളിറ്റ് ബ്യൂറോയുടെ തീരുമാനത്തെ തള്ളിപറഞ്ഞു, സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി എന്നിവയാണ് ആരോപണങ്ങള്‍.

വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരായ നടപടി അടുത്ത കേന്ദ്രകമ്മറ്റി യോഗത്തില്‍ പരിഗണിക്കുമെന്ന് പ്രകാശ് കാരാട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തനിക്ക് പറയാനുള്ളത് കേന്ദ്ര കമ്മറ്റിയില്‍ പറയാമെന്നാണ് വിഎസിന്റെ നിലപാട്.

വെബ്ദുനിയ വായിക്കുക