സംസ്ഥാനത്ത്‌ 55,167 എച്ച്‌.ഐ.വി ബാധിതര്‍

തിങ്കള്‍, 1 ഡിസം‌ബര്‍ 2008 (09:38 IST)
കേരളത്തില്‍ എച്ച്‌.ഐ.വി. അണുബാധിതരായി 55,167 പേര്‍ ഉണ്ടെന്നു സര്‍വ്വേയില്‍ കണ്ടെത്തി. ദേശീയ എയ്ഡ്സ്‌ നിയന്ത്രണ ഓര്‍ഗനൈസേഷന്‍ പുറത്തു വിട്ട 2007 ലെ കണക്കുപ്രകാരമാണിത്‌.

ഇന്ത്യയിലൊട്ടാകെ 2.31 ദശലക്ഷം എച്ച്‌.ഐ.വി. അണുബാധിതരുണ്ടെന്നാണ്‌ പുതിയ കണക്ക്‌. മുതിര്‍ന്നവര്‍ക്കിടയില്‍ കേരളത്തില്‍ 0.26 ശതമാനമാണ്‌ എച്ച്‌.ഐ.വി. അണുബാധ. രാജ്യത്തൊട്ടാകെ ഇത്‌ 0.34 ശതമാനമാണ്‌. പഴയ രീതി അനുസരിച്ച്‌ 2006 ല്‍ കേരളത്തില്‍ 0.13 ശതമാനം മാത്രമാണ്‌ എച്ച്‌.ഐ.വി. അണുബാധയെന്നായിരുന്നു കണക്ക്‌.

എന്നാല്‍ പുതുക്കിയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച്‌ 2006 ലെ സര്‍വ്വേ ഫലം വിലയിരുത്തിയപ്പോള്‍ അണുബാധാ സാന്ദ്രത 0.30 ശതമാനമായി മാറി. 2007 ല്‍ 0.26 ശതമാനമാണ്‌ എച്ച്‌.ഐ.വി. അണുബാധാ സാന്ദ്രത. സംസ്ഥാനത്തെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ എച്ച്‌.ഐ.വി. സാന്ദ്രതാ നിരക്ക്‌, സംസ്ഥാനത്തിന്‍റെ ജനസംഖ്യാപരവും ആരോഗ്യ സാന്ദ്രതാപരവുമായ മാനദണ്ഡങ്ങള്‍, എച്ച്‌.ഐ.വി. അണുബാധാ സാന്ദ്രതയുടെ ഏറ്റക്കുറച്ചിലുകള്‍, എച്ച്‌.ഐ.വി. അണുബാധയേല്‍ക്കുന്ന പ്രായത്തിന്‍റെ വ്യത്യാസം, എച്ച്‌.ഐ.വി. അണുബാധിതര്‍ക്കിടയിലെ പ്രത്യുത്പാദന ക്ഷമതാ നിരക്കിലെ കുറവ്‌, എന്നിവ കൂടി കണക്കിലെടുത്തായിരുന്നു സര്‍വ്വേ.

2007 ഒക്ടോബര്‍ മുതല്‍ 2008 ജനുവരി വരെയുള്ള കാലയളവില്‍ നടത്തിയ പഠനത്തില്‍ സംസ്ഥാനത്തെ 26 കേന്ദ്രങ്ങളില്‍ നിന്നുള്ള രക്തസാമ്പിളുകളാണ്‌ പരിശോധിച്ചത്‌. അണുബാധയ്ക്കു സാധ്യത കൂടുതലുള്ള വിഭാഗങ്ങളില്‍, മയക്കുമരുന്നു കുത്തിവയ്ക്കുന്നവര്‍ക്കിടയിലൊഴികെ മറ്റു വിഭാഗങ്ങളിലെല്ലാം അണുബാധ നിരക്ക്‌ വളരെ കുറവാണ്‌.

മയക്കുമരുന്ന്‌ കുത്തിവയ്ക്കുന്നവര്‍ക്കിടയില്‍ അണുബാധിതര്‍ 7.96 ശതമാനമാണ്‌. ട്രക്ക്‌ ഡ്രൈവര്‍മാക്കിടയില്‍ ഒരു കേന്ദ്രത്തില്‍ മാത്രം നടത്തിയ പരിശോധനയില്‍ 3.60 ശതമാനമാണ്‌ അണുബാധാനിരക്ക്‌. സ്വവര്‍ഗ്ഗ രതിക്കാരായ പുരുഷന്മാര്‍ക്കിടയില്‍ 1.20 ശതമാനവും സ്ത്രീലൈംഗികത്തൊഴിലാളികള്‍ക്കിടയില്‍ 0.40 ശതമാനവും ആണ്‌.

അണുബാധാ സാധ്യത കുറഞ്ഞ വിഭാഗങ്ങള്‍ക്കിടയില്‍ വളരെ കുറഞ്ഞ നിരക്കില്‍ മാത്രമേ എച്ച്‌.ഐ.വി. അണുബാധയുള്ളൂ. ഗര്‍ഭിണികള്‍ക്കിടയില്‍ 0.38 ശതമാനം മാത്രമാണ്‌ അണുബാധിതര്‍. ജനനേന്ദ്രിയ രോഗ നിവാരണ കേന്ദ്രങ്ങളില്‍ നിന്നുള്ള പരിശോധനയില്‍ 1.60 ശതമാനം പേര്‍ക്ക്‌ അണുബാധ കണ്ടെത്തി.

യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ എച്ച്‌.ഐ.വി. അണുബാധാ സാന്ദ്രതയില്‍ കാര്യമായ വ്യതിയാനം ഉണ്ടായതായി സൂചനയില്ല.

വെബ്ദുനിയ വായിക്കുക