തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ് സംഘടനാ തെരഞ്ഞെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കെ സുധാകരന്‍ എം പി സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടു. വിശാല ഐ ഗ്രൂപ്പിന്‍റെ പ്രതിനിധിയായാണ് സുധാകരന്‍ സോണിയാ ഗാന്ധിയെ കണ്ടത്.
തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ കെ പി സി സി നേതൃത്വത്തെ തെരഞ്ഞെടുക്കണം. അല്ലാത്തപക്ഷം കെ പി സി സി പ്രസിഡന്‍റ് താല്‍ക്കാലിക പ്രസിഡന്‍റ് ആയി തുടരും. ഇതു തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും സുധാകരന്‍ സോണിയ ഗാന്ധിയെ അറിയിച്ചു.
അതേസമയം, പാര്‍ട്ടിക്കുള്ളില്‍ യാതൊരുവിധ പരാതികളും ഇല്ലാതെയാണ് കേരളത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് സുധാകരന്‍ സോണിയ ഗാന്ധിയോടു പറഞ്ഞു. കെ കരുണാകരനെയും അദ്ദേഹത്തിന്‍റെ ഒപ്പമുള്ളവരെയും തഴയാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരുണാകരന്‍ ഹൈക്കമാന്‍ഡിനു പരാതി അയച്ച സാഹചര്യത്തിലാണ് സുധാകരന്‍ സോണിയ ഗാന്ധിയെ നേരിട്ട് കണ്ടത്.