തളിപ്പറമ്പിലെ ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിലെ നിര്‍ണായക സാക്ഷികള്‍ കൂറുമാറി. തളിപ്പറമ്പ് സ്വദേശികളായ പി പി അബു, മുഹമ്മദ് സാബിര്‍ എന്നിവരാണ് മൊഴിമാറ്റി പറഞ്ഞത്. കേസില്‍ സി പി എം ജില്ലാസെക്രട്ടറി പി ജയരാജന്‍, ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എന്നിവര്‍ക്കെതിരെ അബുവും മുഹമ്മദ് സാബിറും മൊഴി നേരത്തെ മൊഴി നല്‍കിയിരുന്നു.
ഷുക്കൂറിനെ കൊലപ്പെടുത്താന്‍ പി ജയരാജനും ടി വി രാജേഷും ആശുപത്രിയില്‍ ഗൂഢാലോചന നടത്തുന്നത് കണ്ടു എന്നായിരുന്നു ഇവരുടെ മൊഴിയായി പൊലീസ് രേഖപ്പെടുത്തിയത്. എന്നാല്‍ ആ സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നും തങ്ങള്‍ അറിയാതെയാണ് പൊലീസ് കേസില്‍ സാക്ഷികളാക്കിയതെന്നുമാണ് ഇവര്‍ ഇപ്പോള്‍ പറയുന്നത്.
തളിപ്പറമ്പ് അരിയിലില്‍ സിപിഎം-ലീഗ് സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ടി വി രാജേഷും പി ജയരാജനും സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്നാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് പി ജയരാജനെയും ടി വി രാജേഷിനെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇവിടെ വച്ചാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്ന് അറസ്റ്റിലായ ചില പ്രാദേശിക നേതാക്കള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജേഷിനെയും പി ജയരാജേയും പ്രതി ചേര്‍ത്തിരിക്കുന്നത്.