ഷുക്കൂര്‍ വധം: പി ജയരാജന് ജാമ്യം

തിങ്കള്‍, 27 ഓഗസ്റ്റ് 2012 (12:13 IST)
PRO
PRO
ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഐ(എം) കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മുപ്പത്തിരണ്ടാം പ്രതിയാണ് ജയരാജന്‍.

പി ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങള്‍ കണക്കിലെടുത്ത് കഴിഞ്ഞ തവണ ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്ന് സാഹചര്യങ്ങളില്‍ മാറ്റം വന്നിട്ടുണ്ടോയെന്ന് പൊലീസിനോട് ചോദിച്ചറിയേണ്ടതുണ്ടെന്ന് ഡിജിപി കോടതിയെ അറിയിച്ചിരുന്നു. ജാമ്യം നല്‍കുന്നത് സംബന്ധിച്ചുള്ള അനുകൂല സര്‍ക്കാര്‍ നിലപാട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ അന്വേഷണം പൂര്‍ത്തിയാകുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ജയരാജന്റെ ആരോഗ്യനിലയും പരിഗണിച്ചു. ജാമ്യാപേക്ഷയെ പ്രോസിക്യുഷന്‍ ശക്തമായി എതിര്‍ക്കാതിരുന്നതും ജയരാജന് തുണയായി.

കര്‍ശന ഉപാധികളോടെയാണ്‌ അവധിക്കാല ബെഞ്ച്‌ ജഡ്‌ജി ബാബു മാത്യൂ ജാമ്യം അനുവദിച്ചത്‌. 25,000 രൂപയുടെ ജാമ്യത്തുകയിലും രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം. അടുത്ത ദിവസം മുതല്‍ അവധിയായതിനാല്‍ തിങ്കളാഴ്ച തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി ജാമ്യത്തിലയക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

പി ജയരാജന്റെ അറസ്റ്റിനു ശേഷം ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ ടി വി രാജേഷ് എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. രാജേഷിന്റെ അറസ്റ്റ് അക്രമങ്ങള്‍ക്ക് വഴിവച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

വെബ്ദുനിയ വായിക്കുക