ഷുക്കൂര്‍ വധം: ടി വി രാജേഷിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും

ബുധന്‍, 25 ജൂലൈ 2012 (15:57 IST)
PRO
PRO
തളിപ്പറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്‌ദുള്‍ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ ടി വി രാജേഷ് എം എല്‍ എയെ തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വളപട്ടണം പൊലീസ് രാജേഷിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കി. കേസുമായി ബന്ധപ്പെട്ടം സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.

ടി വി രാജേഷിന് അന്വേഷണ സംഘം നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നിയമസഭാ സമ്മേളനമായതിനാല്‍ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് അവധി ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ച അന്വേഷണം സംഘം നിയമസഭാ സമ്മേളനം അവസാനിച്ച ഉടന്‍ നോട്ടീസ് നല്‍കുകയായിരുന്നു.

ടി വി രാജേഷും പി ജയരാജനും സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്നാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് പി ജയരാജനെയും ടി വി രാജേഷിനെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്ന് അറസ്റ്റിലായ ചില പ്രാദേശിക നേതാക്കള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക