ശാലുവും യുവകേന്ദ്രമന്ത്രിമാരുമായുള്ള ബന്ധം അന്വേഷിക്കാന്‍ നീക്കം

ചൊവ്വ, 2 ജൂലൈ 2013 (14:54 IST)
PRO
PRO
നടി ശാലുമേനോനും രണ്ട് യുവകേന്ദ്രമന്ത്രിമാരുമായുള്ള ബന്ധം അന്വേഷിക്കാന്‍ നീക്കം. ശാലുമോനോന് തട്ടിപ്പുമായുള്ള ബന്ധത്തെക്കുറിച്ച് ചില സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരുടെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. ആലപ്പുഴയില്‍ നിന്നുള്ള കേന്ദ്രമന്ത്രി ശാലുമേനോനൊപ്പം സ്വകാര്യ യാത്ര നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

കേന്ദ്രതൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിനും മന്ത്രിയുടെ ചങ്ങനാശേരിയിലെ സഹായി പിഎന്‍ നൗഷാദിനും ശാലുമേനോനുമായുള്ള അടുപ്പം പുറത്തുവന്നിരുന്നു.
കേന്ദ്ര സിനിമ സെന്‍സര്‍ ബോര്‍ഡിലെ ശാലുമേനോന്‍െറ അംഗത്വം സംബന്ധിച്ച് വിവാദം ഉയര്‍ന്നപ്പോള്‍ തന്‍െറ ശിപാര്‍ശയിലാണ് അംഗത്വം ലഭിച്ചതെന്ന് കൊടിക്കുന്നില്‍ വ്യക്തമാക്കിയിരുന്നു. സഹായി പിഎന്‍ നൗഷാദിനെയും ശാലുമേനോനെയും ഒരുമിച്ചാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളാക്കിയത്.

സിനിമ പരിചയം വെച്ചല്ല അംഗത്വം നല്‍കിയതെന്നും ഇക്കാര്യത്തിലുണ്ടായ വിമര്‍ശത്തിന് കൊടിക്കുന്നില്‍ ന്യായീകരണം നല്‍കിയിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് സോളാറുമായി ബന്ധപ്പെട്ടുള്ള ഇടപാടുകള്‍ക്ക് ഈ രണ്ട് കേന്ദ്രമന്ത്രിമാരുടെയും സ്വാധീനം ശാലുമേനോനും ബിജു രാധാകൃഷ്ണനും ഉപയോഗപ്പെടുത്തിയോ എന്നതും അന്വേഷിക്കും.അടുത്ത ദിവസം തന്നെ ശാലുമേനോനെ അറസ്റ്റ് ചെയ്തേക്കും.

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശാലുവിന്‍െറ ഗൃഹപ്രവശത്തിന് എത്തിയതാണ് പൊലീസിന് മുന്നില്‍ അറസ്റ്റിന് തടസ്സമായി നിന്ന ഘടകം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗൃഹപ്രവേശത്തിനെത്തിയപ്പോള്‍ എടുത്ത ഫോട്ടോകളും വീഡിയോ ചിത്രങ്ങളും ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.

ശാലുവുമായി അടുപ്പമില്ലെന്നും ഒരു പരിപാടിയ്ക്ക് പോകുംവഴിയാണ് താന്‍ ഗൃഹപ്രവേശത്തിന് പോയതെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായ കുടുംബപരമായി അടുപ്പമുണ്ടെന്നും ഗൃഹപ്രവേശത്തിന് ക്ഷണിച്ചിരുന്നുവെന്നുമുള്ള ശാലുമേനോന്‍െറ മാതാവ് കലാദേവിയുടെ വെളിപ്പെടുത്തിയതോടെ ആഭ്യന്തരമന്ത്രിയുടെ വാദവും പൊളിഞ്ഞു.

വെബ്ദുനിയ വായിക്കുക