റോഡരുകിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട ഇരുപത്തഞ്ചുകാരന്റെ മരണവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരി, സഹോദരീ ഭർത്താവ്, സുഹൃത്ത് എന്നിവരെ പോലീസ് അറസ്റ് ചെയ്തു. ഓച്ചിറ കരുനാഗപ്പള്ളി സ്വദേശി ഷൈൻ മോനാണ് കഴിഞ്ഞ തിങ്കളാഴ്ച ഇത്തിക്കര കൊച്ചുപാലത്തിനടുത്ത് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്.
യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയ പോലീസ് ഇയാളുടെ സഹോദരി ദേവു (28), ഭർത്താവ് രഞജിത് (29), ഇയാളുടെ സുഹൃത്ത് ഓച്ചിറ കൊറ്റമ്പള്ളി കണ്ണൻ എന്ന ഗോപകുമാർ (43) എന്നിവരെ അറസ്റ് ചെയ്തു, മദ്യം കുടിപ്പിച്ച് കഴുത്തുഞെരിച്ച് ഷൈൻമോനെ കൊലപ്പെടുത്തിയ ശേഷം കാറിൽ കൊണ്ടുവന്ന ഇത്തിക്കരയിൽ റോഡിൽ തള്ളുകയായിരുന്നു.
കർക്കിടകവാവ് ദിവസം ഗോപകുമാറിന്റെ വീടിനടുത്തെ പുരയിടത്തിൽ വച്ചാണ് ഷൈൻമോനെ കഴുത്തുഞെരിച്ചു കൊന്നത്. ഷൈൻമോന്റെ പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്തുള്ള സി.സി.ടി.വി ക്യാമറയിൽ ഒരു കാർ കണ്ടെത്തുകയും തുടർന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു.