ശര്‍മ്മ പറഞ്ഞത് എന്നെക്കുറിച്ചല്ല: പിണറായി

തിങ്കള്‍, 23 ഫെബ്രുവരി 2009 (17:44 IST)
PROPRO
ധാരണാപത്രം കരാറാക്കാനുള്ള വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്തു എന്നു എസ് ശര്‍മ്മ പറഞ്ഞത് താന്‍ മന്ത്രിസ്ഥാനം വിട്ടശേഷമുള്ള കാലത്തെക്കുറിച്ചാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

നവകേരള മാര്‍ച്ചിന്‍റെ ഭാഗമായി കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ് എന്‍ സി ലാവ്‌ലിന്‍ കരാര്‍ ഉണ്ടാക്കാനുള്ള ഒരു നടപടിയും താനിരിക്കുന്ന കാലത്ത് തുടങ്ങിയിട്ടില്ല. താന്‍ മന്ത്രിസ്ഥാനത്തു നിന്ന് ഇറങ്ങുമ്പോഴുള്ള സ്ഥിതിയെന്താണെന്ന് ആരും അന്വേഷിക്കുന്നില്ല. മന്ത്രി സ്ഥാനത്തു നിന്ന് ഇറങ്ങുന്ന ഘട്ടത്തില്‍ ഉല്പാദന വര്‍ദ്ധനയ്ക്കുള്ള പണി തുടങ്ങിയിട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മലബാര്‍ ക്യാന്‍സര്‍ സെന്‍ററിന്‌ ധനസഹായം നല്‍കാനുള്ള ധാരണപത്രത്തിന്‍റെ ബാധ്യതയില്‍ നിന്ന്‌ എസ്‌ എന്‍ സി ലാവ്‌ലിനെ ഒഴിവാക്കിയത്‌ കടവൂര്‍ ശിവദാസനാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. ധാരണാപത്രം കരാറാക്കുന്നതില്‍ കടവൂര്‍ ശിവദാസന്‍ പരാജയപ്പെട്ടു. കരാറുണ്ടാക്കേണ്ടതു ആവശ്യമായിരുന്നിട്ടും, ലവ്‌ലിന്‍റെ ബാധ്യത ഒഴിവാക്കി കൊടുക്കുന്ന നിലപാടാണ് കടവൂര്‍ സ്വീകരിച്ചത്.

നവകേരള മാര്‍ച്ചിന്‍റെ സമാപനത്തില്‍ വി എസ് പങ്കെടുക്കാതെ എവിടെ പോകാനാണെന്ന് പിണറായി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സി പി എമ്മിലെ വിഭഗീയത അവസാനിച്ചു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. പാര്‍ട്ടി വിട്ടവര്‍ പാര്‍ട്ടിയെ നശിപ്പിക്കാനായി പ്രസിദ്ധീകരണങ്ങളിറക്കുന്നുണ്ട്. അതൊക്കെ എന്തെങ്കിലും സ്വാധീനത്തിന് വഴങ്ങിയിട്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക