ശബരിമല സ്ത്രീ പ്രവേശനം: രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടേണ്ടതില്ലെന്ന് കുമ്മനം

തിങ്കള്‍, 6 ജൂണ്‍ 2016 (20:14 IST)
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍  രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടേണ്ടതില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് വിശ്വാസസമൂഹവും തന്ത്രികളുമാണ്. മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളിലെല്ലാം സ്ത്രീപ്രവേശനത്തിന് നിയമം കൊണ്ടുവരാന്‍ തയ്യാറാണോയെന്ന് കടകംപള്ളി സുരേന്ദ്രനെ വെല്ലുവിളിക്കുന്നതായും കുമ്മനം പറഞ്ഞു. 
 
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍. സര്‍ക്കാര്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് മേല്‍ ഒരു തീരുമാനവും അടിച്ചേല്‍പ്പിക്കില്ലെന്നും വിഷയം സംബന്ധിച്ച് സര്‍വകക്ഷിയോഗം വിളിയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ദേവസ്വം മന്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
 
നിലവില്‍ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഏത് പ്രായത്തിലുള്ളവര്‍ക്കും പ്രവേശനമാകാമെന്ന് സുപ്രീംകോടതി നിയോഗിച്ച അമികസ്‌ക്യൂറി രാജു രാമചന്ദ്രന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക