ക്ഷേത്രഭണ്ഡാര മുറിയില്‍ നിന്ന് അഴിച്ചുമാറ്റിയ നിരീക്ഷണ ക്യാമറകള്‍ പുനഃസ്ഥാപിച്ചു. പുതിയ 14 ക്യാമറകള്‍ സ്ഥാപിച്ചു. അഞ്ച് പുതിയ ക്യാമറകള്‍ കൂടി ഘടിപ്പിക്കുമെന്നു ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
സ്വകാര്യ ഏജന്‍സിയുമായുളള കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്നാണ് കാണിക്ക എണ്ണുന്നതു സുതാര്യമാക്കാന്‍ ഘടിപ്പിച്ചിരുന്ന ക്യാമറകള്‍ നീക്കം ചെയ്തിരുന്നു. 23 ക്യാമറകളാണ് അഴിച്ചു മാറ്റിയത്. ഇതേത്തുടര്‍ന്നു കാണിക്ക എണ്ണുന്ന ജീവനക്കാരുടെ വസ്ത്രമഴിച്ചു പരിശോധിച്ചാണു കടത്തിവിട്ടിരുന്നത്. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്ന ആദ്യ ദിവസം തന്നെ റെക്കോര്‍ഡ് വരുമാനമാണ് ലഭിച്ചത്. കാണിക്ക ഇനത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. അരവണ, അപ്പം വില്‍പ്പനയിലും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ചു വന്‍ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്. കാണിക്ക എണ്ണുന്നതില്‍ ക്രമക്കേട് ഉണ്ടാകാന്‍ സധ്യതയേറിയ സമയത്താണ് ക്യാമറ വിവാദം.