ശബരിനാഥ്: തെളിവെടുപ്പ് തുടരുന്നു

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്‌ കേസിലെ പ്രധാന കണ്ണിയായ ശബരിനാഥിനെ തെളിവെടുപ്പിനായി കുറവന്‍കോണത്തെ ഫ്ലാറ്റിലും ടോട്ട്‌സ് മ്യൂസിക്കിന്‍റെ ഓഫീസിലും കൊണ്ടുവന്നു.

ടോട്ട്‌സ് മ്യൂസിക്കിന്‍റെ ഓഫീസിലെ മുഴുവന്‍ വസ്‌തുക്കളും പൊലീസ്‌ പിടിച്ചെടുത്തു. രാവിലെ പത്ത് മണിയോടെയാണ് ശബരീനാഥിനെ കുറവന്‍കോണത്തെ ഫ്ലാറ്റില്‍ കൊണ്ടുവന്നത്. തെളിവെടുപ്പിന് ശേഷം ശബരിനാഥിനെ മടക്കിക്കൊണ്ടു പോയെങ്കിലും ഫ്ലറ്റിനുള്ളില്‍ ഇപ്പോഴും പൊലീസ് പരിശോധന നടത്തുകയാണ്.

കുറവന്‍‌കോണത്തെ സതേണ്‍ ഇന്‍‌വെസ്റ്റ്‌മെന്‍റിന്‍റെ ഫ്ലാറ്റിലായിരുന്നു ശബരീനാഥ് താമസിച്ചുകൊണ്ടിരുന്നത്. വളരെ അത്യാഡംബരപൂര്‍ണ്ണമായ ഫര്‍ണിച്ചറുകളും മറ്റുമാണ് ഇവിടെ പൊലീസിന് കാണാന്‍ കഴിഞ്ഞത്. ഇവിടെ നിന്നും സുപ്രധാന പല രേഖകളും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.

ശബരിയെ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ചിന് കസ്റ്റഡിയില്‍ കിട്ടുന്നത്. മെഡിക്കള്‍ കോളജിന് സമീപമുള്ള ശബരിയുടെ മറ്റൊരു ഓഫീസിലും ഇന്ന് തെളിവെടുപ്പ് നടത്തും. ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ശബരിനാഥിന്‍റെ ഇടപാടുകാര്‍ ആരെല്ലാം, ഉന്നതരുമായുള്ള ബന്ധം, പണത്തിന്‍റെ ഉറവിടം എന്നിവയൊക്കെയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ശബരീനാഥിന് സിഡ്കോ ജീവനക്കാരി ചന്ദ്രമതിയുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ശബരിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തലസ്ഥാനത്തെ ഒരു മാധ്യമ പ്രവര്‍ത്തകന്‍, എയര്‍ പോര്‍ട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘം, ആലപ്പുഴയിലെ ഒരു ഗുണ്ടാസംഘം എന്നിവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക