ശക്തി പാര്‍ട്ടിയില്‍ നില്‍ക്കുമ്പോള്‍ മാത്രം: പിണറായി
ബുധന്‍, 25 ഫെബ്രുവരി 2009 (20:46 IST)
പാര്‍ട്ടിയില്‍ നില്‍ക്കുമ്പോള്‍ മാത്രമേ ഒരു കമ്യൂണിസ്റ്റുകാരന് ശക്തിയുള്ളൂ എന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുദ്രാവാക്യം വിളി കേട്ട് മയങ്ങി താന്‍ ഏറെ വ്യത്യസ്തനാണ് എന്ന് ഒരു കമ്യൂണിസ്റ്റുകാരന്‍ ധരിച്ചു പോയാല്‍ അത് പതനത്തിന്‍റെ തുടക്കമാണെന്നും പിണറായി പറഞ്ഞു. നവകേരളമാര്‍ച്ചിന്‍റെ സമാപനച്ചടങ്ങിലാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടുള്ള പ്രസ്താവന നടത്തിയത്.
വി എസിനെ പിണറായി പരോക്ഷമായി വിമര്‍ശിച്ചത് ഇങ്ങനെ:
നവകേരളമാര്‍ച്ചിനോട് അനുബന്ധിച്ചു നടന്ന പത്രസമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ തന്നോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. അതില്‍ സുപ്രധാനമായ ഒരു ചോദ്യം - “എന്തിനാണ് മാര്‍ച്ചില്‍ ഉടനീളം പിണറായി വിജയന്‍റെ വലിയ ചിത്രങ്ങള്‍ വയ്ക്കുന്നത്?. ഇത് പാര്‍ട്ടിയുടെ നയത്തിന് എതിരല്ലേ? വ്യക്തിപൂജയല്ലേ ഇത്?”. ഈ ചോദ്യത്തിന് വ്യക്തമായ മറുപടി ഞാന്‍ നല്‍കി. വലിയ ചിത്രങ്ങള്‍ വയ്ക്കുന്നത് മാര്‍ച്ചിന്‍റെ ലീഡറായതിനാലുള്ള സ്വീകരണത്തിന്‍റെ ഭാഗമായാണ്. ഈ ചിത്രങ്ങളും ആവേശം കൊണ്ടുള്ള മുദ്രാവാക്യങ്ങളും ഒക്കെ ഉണ്ടാകുമ്പോള്‍ താന്‍ മറ്റുള്ളവരെക്കാളെല്ലാം വ്യത്യസ്തനാണ് എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് പതനത്തിന്‍റെ ആരംഭമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങളിലൊന്നും വശംവദരാകാറില്ല.
ഒരു ഉറുദു കവിതയുണ്ട്. അതില്‍, കടല്‍ കാണാന്‍ ഒരു ചെറിയ കുട്ടി എത്തുന്നു. തിരമാലകള്‍ ആഞ്ഞടിക്കുകയാണ്. അതുകണ്ട് കുട്ടി ഒരു ബക്കറ്റ് എടുത്തു വന്നു. അതില്‍ വെള്ളം നിറച്ച ശേഷം മാറി നിന്നു നോക്കി. തിരയടിക്കുന്നില്ല. ബക്കറ്റില്‍ എന്താണ് തിരയടിക്കാത്തതെന്ന് കുട്ടിക്ക് സംശയമായി. അപ്പോള്‍ വെള്ളം പറഞ്ഞു - “കുട്ടീ, കടലിന്‍റെ ഭാഗമായിരിക്കുമ്പോള്‍ മാത്രമേ എനിക്ക് ശക്തിയുള്ളൂ. അല്ലാത്തപ്പോള്‍ ഞാന്‍ കെട്ടിക്കിടക്കുന്ന വെള്ളമാണ്”. ഇതുപോലെയാണ് പാര്‍ട്ടി പ്രവര്‍ത്തകരും. പാര്‍ട്ടിയുടെ ഭാഗമായിരിക്കുമ്പോള്‍ മാത്രമേ അവര്‍ക്ക് ശക്തിയുള്ളൂ - പിണരായി വ്യക്തമാക്കി.
മാര്‍ച്ചിലുടനീളം ലഭിച്ച ഗംഭീര സ്വീകരണങ്ങള്‍ക്ക് പിണറായി വിജയന്‍ നന്ദി പറഞ്ഞു. പാര്‍ട്ടിക്കെതിരെയുള്ള ആരോപണങ്ങളെയും വിവാദങ്ങളെയും ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരും, സ്ത്രീകളും, സാംസ്കാരികനായകരും, സമുദായനേതാക്കളും, ക്രിസ്ത്യന്‍ വികാരികളുമൊക്കെ എല്ലായിടങ്ങളിലും മാര്‍ച്ചിനെ സ്വീകരിക്കാന്‍ എത്തിയത് പിണറായി അനുസ്മരിച്ചു. പാര്‍ട്ടിയെ തകര്‍ക്കാനായി ചില ശക്തികള്‍ ശ്രമിക്കുമ്പോള്‍ ‘പാര്‍ട്ടിയെ ഞങ്ങള്‍ സംരക്ഷിക്കും’ എന്ന് പ്രഖ്യാപിക്കുന്ന നയമാണ് ജനങ്ങള്‍ സ്വീകരിച്ചതെന്നും പിണറായി വ്യക്തമാക്കി.