വൈദ്യുത നിരക്ക് ഉയര്‍ത്തണം: കെ‌എസ്‌ഇ‌ബി

ശനി, 16 ജനുവരി 2010 (13:35 IST)
PRO
സംസ്ഥാനത്ത് വൈദ്യുത നിരക്ക് ഉയര്‍ത്തണമെന്ന് കെ‌എസ്‌ഇ‌ബി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടു. വൈദ്യുതി ഉല്‍‌പാദനത്തില്‍ ബോര്‍ഡിന് അധിക ബാധ്യത ഉണ്ടായതായും ഇത് ഉപഭോക്താക്കളില്‍ നിന്ന് നികത്തണമെന്നുമാണ് ആവശ്യം.

യൂണിറ്റിന് 46 പൈസ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തണമെന്നാണ് വൈദ്യുത ബോര്‍ഡിന്‍റെ ആവശ്യം. 2009 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആറുമാസത്തില്‍ ഇന്ധന ചാര്‍ജ് വര്‍ദ്ധിച്ചതുമൂലം വൈദ്യുതി ഉല്‍‌പാദനത്തില്‍ ബോര്‍ഡിന് 315.53 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടായത്.

ഈ ബാധ്യത നികത്തണമെങ്കില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തണമെന്നാണ് ബോര്‍ഡിന്‍റെ ആവശ്യം. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉയര്‍ത്താന്‍ റെഗുലേറ്ററി കമ്മീഷന്‍റെ അനുമതി ആവശ്യമാണ്. ഇതനുസരിച്ചാണ് ബോര്‍ഡ് കമ്മീഷന് നിരക്കുയര്‍ത്താനുള്ള ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.

ബോര്‍ഡിന്‍റെ ശുപാര്‍ശയില്‍ ജനങ്ങളില്‍ നിന്നു തെളിവെടുത്ത ശേഷം റെഗുലേറ്ററി കമ്മിഷന്‍ വിശദ പരിശോധന നടത്തും. ഇതിനു ശേഷമേ തീരുമാനമുണ്ടാകൂ. പെട്രൊളിയം വില വര്‍ധനയാണ് ഉത്പാദനച്ചെലവു വര്‍ധിപ്പിച്ചതെന്നും ഇതോടൊപ്പം താപ വൈദ്യുതിക്കു വില കൂടിയതായുമാണ് ബോര്‍ഡ് വിശദീകരിക്കുന്നത്.

ചെറുകിട ഉപയോക്താക്കള്‍, ലൈസന്‍സികള്‍, മൊത്ത ഉപയോക്താക്കള്‍ വിഭാഗത്തില്‍പ്പെടുന്ന വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും സര്‍ച്ചാര്‍ജ് ഈടാക്കണമെന്നാണ് ആവശ്യം.

വെബ്ദുനിയ വായിക്കുക