തിരുവനന്തപുരത്ത് മ്യൂസിയം പൊലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത വ്യക്തി സംശയകരമായ സാഹചര്യത്തില്‍ മരിച്ചു. കാട്ടാക്കട സ്വദേശി കൃഷ്ണകുമാറാണ് മരിച്ചത്. പൊലീസിന്റെ പീഡനം മൂലമാണ് ഇയാള്‍ മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചര മണിയോടെയാണ് ഇയാളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ഓട്ടോ തൊഴിലാളികളുമായി ബഹളം വച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്.
8:30 ആയപ്പോള്‍ ബന്ധുക്കള്‍ എത്തിയതിനെത്തുടര്‍ന്ന് ഇയാളെ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ അല്‍പനേരം കഴിഞ്ഞപ്പോഴേക്കും ഇയാള്‍ മരിക്കുകയായിരുന്നു. ഒരു സ്വകാര്യ ആശുപത്രില്‍ വച്ചാണ് മരണം സ്ഥിരീകരിച്ചത്.
സംഭവമറിഞ്ഞെത്തിയ കോണ്‍ഗ്രസ്, ബി ജെ പി പ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിക്ക് മുന്നിലെ റോഡ് ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ ഉന്നത് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാം എന്ന് അവര്‍ ഉറപ്പ് നല്‍കിയതിന് ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. തുടര്‍ന്ന് കൃഷ്ണകുമാറിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.