വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ ടാക്സി ഡ്രൈവര്‍ പീഡിപ്പിച്ചു

ശനി, 4 മെയ് 2013 (10:30 IST)
PRO
പതിനഞ്ച്കാരനോടൊപ്പം വീടുവിട്ട് ഇറങ്ങിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ ടാക്‌സി ഡ്രൈവര്‍ പിടിയില്‍‍. ദേവികുളം ഇറച്ചിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേഷ് എന്ന പി രാജേഷ്‌ കണ്ണനാണ് (30) പോലീസിന്റെ പിടിയിലായത്.

മൂന്നാര്‍ സ്വദേശിനിയായ പതിനാറുകാരിയാണ് വീടിന് സമീപത്തുള്ള പതിനഞ്ച്കാരനോടൊപ്പം വീടുവിട്ടിറങ്ങിയത്. ഇവര്‍ തേനിയിലേക്ക് പോകാനാണ് പദ്ധതി ഇട്ടിരുന്നത്. മൂന്നാര്‍ പോസ്റ്റോഫീസ് കവലയില്‍നിന്ന് ദേവികുളം ഭാഗത്തേക്ക് ഇവര്‍ നടക്കുന്നത് കണ്ട് ഡ്രൈവര്‍ വാഹനം നിര്‍ത്തി കാര്യങ്ങള്‍ തിരക്കി. തേനിക്ക് കൊണ്ടുവിടാമെന്നുപറഞ്ഞ് ഇയാള്‍ രണ്ടുപേരെയും വാഹനത്തില്‍ കയറ്റി ദേവികുളം ഭാഗത്തേക്ക് വാഹനം ഓടിച്ചുപോയി.

ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിര്‍ത്തിയ ഇയാള്‍ ആണ്‍കുട്ടിയെ വാഹനത്തില്‍നിന്ന് ഇറക്കി നിര്‍ത്തിയശേഷം. ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും തേനിക്കുള്ള ബസ്സില്‍ കയറ്റിവിട്ടതായും പൊലീസ് പറയുന്നു.

25 ന് രാത്രി തേനിയിലെത്തിയ ഇരുവരെയും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട തമിഴ്‌നാട് ഉത്തമപാളയം പോലീസ് കസ്റ്റഡിയിലെടുത്തു. അവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍പോലീസ് ഇവരെ കൂട്ടിക്കൊണ്ടുവന്ന് വീടുകളിലാക്കി. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

ഇടുക്കി ജില്ലാ ആസ്പത്രിയില്‍ നടന്ന പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു. കട്ടപ്പന വനിതാസെല്ലില്‍നിന്ന് എസ്ഐ എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എന്നാല്‍ പീഡിപ്പിച്ച ടാക്‌സി ഡ്രൈവറുടെ പേരോ മറ്റ് വിവരമോ കുട്ടിക്കറിയില്ലായിരുന്നു.

പീഡനം നടന്ന കാറിനെ ക്കുറിച്ചും ആളെക്കുറിച്ചും പെണ്‍കുട്ടി നല്‍കിയ സൂചനകളാണ് ഇയാളെ കുടുക്കാന്‍ സഹായിച്ചത്. അറസ്റ്റിലായ രാജേഷ് കണ്ണന്‍ മൂന്നാറിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ടാക്‌സി ഓടിക്കുന്ന ആളാണ്. വിവാഹിതനും രണ്ട് മക്കളുടെ അച്ഛനുമാണ്. പീഡനം നടന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ പെണ്‍കുട്ടിയും കൂടെച്ചെന്ന ആണ്‍കുട്ടിയും തിരിച്ചറിഞ്ഞു.പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു

വെബ്ദുനിയ വായിക്കുക