അട്ടപ്പാടിയിലെ ആദിവാസി ഭൂമിയില്‍ നിന്ന് കാറ്റാടി കമ്പനിയെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടനിലക്കാരന്റെ റോള്‍ എടുക്കുന്നില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടനിലക്കാരന്റെ റോളില്‍ പ്രവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെട്ട് വി ഡി സതീശന് എം എല്‍ എ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടുപോകാന്‍ അനുവദിക്കില്ല. ആദിവാസികള്‍ നേരിടുന്ന ഭൂപ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് സര്‍ക്കര്‍ നടത്തുന്നത്. അട്ടപ്പാടിയില്‍ നിയമത്തിന്റെ ബുള്‍ഡോസര്‍ ശാന്തമായി നീങ്ങുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അട്ടപ്പാടിയിലെ കാറ്റാടി കമ്പനിയെ ഒഴിപ്പിക്കലല്ല പ്രധാന പ്രശ്നം. ലാന്‍ഡ് അസൈന്മെന്റ് നിയമം അനുസരിച്ച് ആദിവാസികള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കും. അട്ടപ്പാടി പ്രദേശത്തെ മൂന്നു വില്ലേജുകളിലെ റീസര്‍വെ പൂര്‍ത്തിയായി. രണ്ടു വില്ലേജുകളിലെ സര്‍വെ അന്തിമഘട്ടത്തിലാണ്. ഇവയും പൂര്‍ത്തിയാക്കി ആദിവാസികള്‍ക്ക് അവരുടെ ഭൂമിക്കുള്ള പട്ടയം നല്‍കും - തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.