വി എസ് കോട്ടമുറിഞ്ഞു; ദിനേശ് മണി ജില്ലാ സെക്രട്ടറി

ബുധന്‍, 17 ഏപ്രില്‍ 2013 (15:37 IST)
PRO
PRO
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എം ദിനേശ് മണിയെ തെരഞ്ഞെടുത്തു. വി എസ് വിഭാഗത്തിന് ആധിപത്യത്തിന് അവസാനമിട്ടുകൊണ്ടാണ് ഔദ്യോഗിക പക്ഷം ജില്ലാ കമ്മിറ്റി പിടിച്ചെടുത്തത്. മുന്‍ എംഎല്‍എയും ഔദ്യോഗിക പക്ഷത്തിന്റെ ജില്ലയിലെ പ്രമുഖ നേതാവുമായ ദിനേശ് മണിക്കായിരുന്നു നേരത്തെ മുതല്‍ സെക്രട്ടറി സ്ഥാനത്ത് സാധ്യത കല്പിച്ചിരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ദിനേശ് മണിയെ എതിരില്ലാതെ തെരഞ്ഞെടുത്തത്.

ഒളികാമറ വിവാദത്തില്‍പെട്ട ഗോപി കോട്ടമുറിയ്‍ക്കലിനെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി ശേഷം സംസ്ഥാന സമിതി അംഗവും കണ്ണൂരില്‍ നിന്നുള്ള നേതാവുമായ എം വി ഗോവിന്ദന്‍ മാസ്റ്ററാണ് എറണാകുളം ജില്ലയുടെ ചുമതല വഹിച്ചിരുന്നത്.

നിലവില്‍ സംസ്ഥാന കമ്മിറ്റിയംഗമാണ് ദിനേശ് മണി . തങ്ങള്‍ക്കു സ്വാധീനമുള്ള എറണാകുളത്ത് മുതിര്‍ന്ന നേതാവ് സി വി ഔസേഫിനെ സെക്രട്ടറിയാക്കണമെന്ന ആവശ്യം വിഎസ് വിഭാഗത്തിനുണ്ടായിരുന്നുവെങ്കിലും എറണാകുളത്തൊഴികെ എല്ലാ ജില്ലകളിലും ന്യൂനപക്ഷമായി മാറിയ സാഹചര്യത്തില്‍ ഔദ്യോഗിക നേതൃത്വത്തെ അനുസരിക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന് മനസ്സിലാക്കി നിശബ്ദരാകുകയായിരുന്നു.

എറണാകുളത്തെ പത്ത് സംസ്ഥാന കമ്മിറ്റിയംഗങ്ങളില്‍ കെ എന്‍ രവീന്ദ്രനാഥ്, എസ് ശര്‍മ, കെ ചന്ദ്രന്‍പിള്ള, എംസി ജോസെഫെന്‍ എന്നിവര്‍ മാത്രമാണ് വിഎസ് പക്ഷക്കാരായുള്ളത്. 43 അംഗ ജില്ലാ കമ്മിറ്റിയിലും 20 അംഗ ജില്ലാ സെക്രട്ടറിയേറ്റിലും ഭൂരിപക്ഷമുണ്ടെങ്കിലും ദിനേശ് മണിയുടെ കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ എതിര്‍ക്കുന്നത് നിലവില്‍ തങ്ങള്‍ക്കു ഭൂരിപക്ഷമുള്ള കമ്മറ്റി പിരിച്ചു വിടാന്‍ കാരണമായേക്കാമെന്ന ഭയവും വി.എസ് പക്ഷത്തിനുണ്ടായിരുന്നു. ഒളികാമറ വിവാദത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന ആരോപണമുയര്‍ന്ന വിഎസ് പക്ഷക്കാരായ മുതിര്‍ന്ന ജില്ലാ നേതാക്കള്‍ കെഎ ചാക്കോച്ചന്‍, പിഎസ് മോഹനന്‍ എന്നിവരെ നേരത്തെ തന്നെ ജില്ലാ കമ്മിറ്റിയില്‍നിന്നും ഒഴിവാക്കി നില ഭദ്രമാക്കിയശേഷമായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ നീക്കം.












വെബ്ദുനിയ വായിക്കുക