നിയമസഭാ തെരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദന്‍റെ നേതൃത്വം പാര്‍ട്ടിക്ക് ഗുണം ചെയ്തെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തല്‍. ഭരണം തുടരാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
‘വി എസ് ഫാക്ടര്‍’ തെരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്തു. അഴിമതിരഹിതനായ മുഖ്യമന്ത്രിയുടെ നേതൃത്വം പാര്‍ട്ടിയുടെ പ്രകടനത്തിന് ഊര്‍ജ്ജം കൂട്ടി. ഭരണനേട്ടം എടുത്തുകാട്ടാനായി എന്നതു മാത്രമല്ല, പ്രതിപക്ഷത്തിന്‍റെ അഴിമതികള്‍ പുറത്തുകൊണ്ടുവരാനും കഴിഞ്ഞു. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം ഉണ്ടായിരുന്നില്ലെന്നും സി പി എം വിലയിരുത്തുന്നു.
സമുദായങ്ങളുടെ എതിര്‍പ്പ് ഇത്തവണ എല്‍ ഡി എഫിന് നേരിടേണ്ടി വന്നില്ലെന്നാണ് സി പി എം കണക്കുകൂട്ടുന്നത്. ക്രൈസ്തവ സഭകളുടെ എതിര്‍പ്പുണ്ടായില്ല. എന്‍ എസ് എസ് സമദൂരം പാലിച്ചില്ലെന്ന വിലയിരുത്തലുമുണ്ടായി. 80 സീറ്റുകള്‍ വരെ എല്‍ ഡി എഫിന് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സി പി എം സെക്രട്ടേറിയറ്റിന്‍റെ അനുമാനം.
എന്നാല്‍ 75 സീറ്റുകള്‍ എല്‍ ഡി എഫ് നേടുമെന്നാണ് സി പി ഐ കണക്കുകൂട്ടുന്നത്. 15 സീറ്റില്‍ സി പി ഐ ജയിക്കുമെന്നും അവര്‍ വിലയിരുത്തുന്നു.