സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം പ്രാബല്യത്തിലായതിനാല്‍ പിഎസ്‌സി അഭിമുഖ പരീക്ഷ പൂര്‍ത്തിയാക്കി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരെ പോലും നിയമിക്കരുതെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കെ, ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ മകന്‍ വിഎ അരുണ്‍കുമാര്‍ ഉന്നത തസ്തികയില്‍ നിയമിച്ചുവെന്ന് ആരോപണം. തെരഞ്ഞെടുപ്പു കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചാണ് വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡിയിലെ അഡീഷണല്‍ ഡയറക്റ്ററായി നിയമിച്ചത് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. തിങ്കളാഴ്ചയാണ് അരുണ്‍കുമാര്‍ ചുമതലയേറ്റത്.
തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കെ കമ്മിഷനെ അറിയിക്കാതെയാണ് ഇതിലേക്ക് അഭിമുഖ പരീക്ഷ നടത്തിയത്. തുടര്‍ന്നു നിയമനാനുമതി തേടി. അടിയന്തര പ്രാധാന്യമുള്ള തസ്തികയില്‍ നിയമനം അനുവദിക്കണമെന്നായിരുന്നു അഭ്യര്‍ഥന. അഭിമുഖം നടത്തിയതു പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോഴെന്നത് അപ്പോഴും മറച്ചുവച്ചു. ഐഎച്ച്ആര്‍ഡിയുടെ ഭരണപരമായ ചുമതലകളും ആസൂത്രണവുമാണ് അരുണ്‍കുമാറിനു നല്‍കിയിട്ടുള്ളത്.
അരുണ്‍കുമാറിനൊപ്പം എറണാകുളം മോഡല്‍ എന്‍ജിനീയറിങ് കോളെജിലെ പ്രിന്‍സിപ്പല്‍ സുരേഷ് കുമാര്‍, ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കൊളേജിലെ പ്രിന്‍സിപ്പല്‍ ദേവസി എന്നിവരെയും നിയമിച്ചിട്ടുണ്ട്. അരുണ്‍ കുമാറിനൊപ്പം സുരേഷ് കുമാറും തിങ്കളാഴ്ച സ്ഥാനമേറ്റു. കഴിഞ്ഞവര്‍ഷം അരുണ്‍ കുമാറിന്‍റെ നിയമിക്കാനുള്ള ശ്രമങ്ങള്‍ നടന്നപ്പോള്‍ സമരം നയിച്ച ഇടതുയൂണിയന്‍ നേതാവാണ് സുരേഷ് കുമാര്‍. എഞ്ചിനീയറിംഗ് കൊളേജുകളുടെ ചുമതലയാണ് സുരേഷ് കുമാറിന്. എന്നാല്‍, ഇവരേക്കാളും യോഗ്യതയുള്ള ദേവസി ടെക്നിക്കല്‍ സ്കൂളുകളുടെ മാത്രം ചുമതല ലഭിച്ചതില്‍ പ്രതിഷേധിച്ച് സ്ഥാനമേറ്റിട്ടില്ല.
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ മകന്‍ വിഎ അരുണ്‍കുമാറിനെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ (ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡവലപ്പ്‌മെന്റ്) അഡിഷണല്‍ ഡയറക്‌ടറാക്കാന്‍ യോഗ്യതയില്‍ ഇളവ് വരുത്തിയെന്ന് മുമ്പുതന്നെ ആരോപണം ഉണ്ടായിരുന്നു. നേരത്തെയിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ച്, യോഗ്യതാ മാനദണ്‌ഡത്തിലെ ഇളവുകളോടെ പുതിയത് ഇറക്കിയതിന്റെ പിന്നില്‍ അരുണ്‍കുമാറിനെ അഡീഷണല്‍ ഡയറക്‌ടറായി നിയമിക്കുന്നതിനുള്ള ഗൂഡലക്‌ഷ്യമായിരുന്നുവെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, 8 വര്‍ഷത്തെ അധ്യാപന പരിചയം, 4 വര്‍ഷത്തെ ഭരണ പരിചയം എന്നിവയായിരുന്നു മുമ്പുണ്ടായിരുന്ന സര്‍ക്കുലറില്‍ അഡീഷണല്‍ ഡയറക്‌ടര്‍ തസ്തികയിലേക്കുള്ള യോഗ്യതകളായി സര്‍ക്കുലറില്‍ നിശ്ചയിച്ചിരുന്നത്. ഇതില്‍ അധ്യാപന പരിചയം അടക്കമുള്ള യോഗ്യതകള്‍ അരുണ്‍കുമാറിനില്ല.
എന്നാല്‍ പുതിയതായി ഇറക്കിയ സര്‍ക്കുലറില്‍ ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഐഎച്ച്‌ആര്‍ഡിയുടെ ജോയിന്റ് ഡയറക്‌ടറായി സേവനം അനുഷ്‌ഠിക്കുന്ന വ്യക്തിക്ക് തസ്‌തികയിലേക്ക് അപേക്ഷിക്കാമെന്നും സര്‍ക്കുലറില്‍ ഉണ്ടായിരുന്നു. കൂടാതെ ഐഎച്ച്ആര്‍ഡിക്കു കീഴിലുള്ള എഞ്ചിനീയറിംഗ് കോളെജില്‍ പ്രിന്‍സിപ്പലായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഐഎച്ച്‌ആര്‍ഡിയില്‍ ജോയിന്റ് ഡയറക്‌ടറായിരുന്നു അരുണ്‍കുമാര്‍ എന്നതിനാല്‍ സര്‍ക്കുലര്‍ ആര്‍ക്ക് വേണ്ടി ഇറക്കിയതാണെന്ന് വ്യക്തം.
എട്ട് വര്‍ഷത്തെ അധ്യാപന പരിചയം വേണമെന്ന പഴയ മാനദണ്ഡം പുതിയ സര്‍ക്കുലറില്‍ ഇല്ല. അരുണ്‍കുമാര്‍ നേരത്തേ കേരള സര്‍വകലാശാലയില്‍ ഗവേഷണത്തിനു അപേക്ഷ നല്‍കിയപ്പോള്‍ അധ്യാപന പരിചയത്തിനുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് സര്‍വകലാശാല സിന്‍ഡിക്കെറ്റ് കണ്ടെത്തിയിരുന്നു. തുടര്‍ന്നു ഗവേഷണത്തിന് അനുമതി നിഷേധിക്കുകയുണ്ടായി. ഇതു സംബന്ധിച്ച അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് ‘അധ്യാപന പരിചയം’ എന്ന മാനദണ്ഡം ‘മുക്കി’യത് എന്നാണ് ആരോപണം.
നേരത്തേ അരുണ്‍കുമാറിനെ ജോയിന്‍റ് ഡയറക്റ്ററായി നിയമിച്ചപ്പോഴും യോഗ്യതയും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയെന്ന് പരാതി ഉണ്ടായിരുന്നു. എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, പത്തു വര്‍ഷത്തെ അധ്യാപന, സാങ്കേതിക പരിചയം തുടങ്ങിയവയാണു ജോയിന്‍റ് ഡയറക്റ്ററുടെ തസ്തികയിലേക്കുള്ള യോഗ്യതകള്‍. എന്നാല്‍ മൂന്നു വര്‍ഷം മുമ്പ് അരുണ്‍കുമാറിനെ ജോയിന്‍റ് ഡയറക്റ്ററുടെ തസ്തികയിലേക്ക് നിയമിക്കാനുള്ള അപേക്ഷ ക്ഷണിച്ചപ്പോള്‍ ഈ യോഗ്യതകളൊന്നും നിഷ്കര്‍ഷിച്ചില്ല.