വിവാഹവുമായി ബന്ധപ്പെട്ട് തര്‍ക്കം; 2 മാസം പ്രായമുള്ള കുഞ്ഞിനെ ചുട്ടുകൊല്ലാന്‍ ശ്രമം

ബുധന്‍, 24 മെയ് 2017 (11:16 IST)
കാസര്‍കോട് മഞ്ചേശ്വരത്ത് ഉറങ്ങികിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമം. 
അഷ്‌റഫ്, ജുനൈദ ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള മകന്‍ അസാന്‍ അഹമ്മദിനെയാണ് ദേഹത്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മാരകമായി പൊള്ളലേറ്റ കുട്ടിയെയും, പിതൃമാതാവിനെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
ഉറങ്ങുകയായിരുന്ന കുഞ്ഞിന്റെ മുറിയില്‍ അതിക്രമിച്ച് കയറിയ ഇവരുടെ ബന്ധു ഷെഫീഖ് കൈവശമുണ്ടായിരുന്ന പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പിതൃമാതാവ് സുബൈദ കത്തുന്ന കിടക്കിയില്‍ നിന്നും കുഞ്ഞിനെയെടുത്ത് പുറത്തേക്ക് ഓടി. ഇതിനിടെയാണ് സുബൈദക്കും പൊള്ളലേറ്റത്.
 
ഇവരുടെ ബന്ധുവായ ഷെഫീഖാണ് കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ ഷെഫീഖിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

വെബ്ദുനിയ വായിക്കുക