വിവാദങ്ങള്‍ക്ക് വിട; പീതാംബരക്കുറുപ്പിനെതിരായ പരാതി ശ്വേത മേനോന്‍ പിന്‍വലിച്ചു
തിങ്കള്‍, 4 നവംബര്‍ 2013 (10:30 IST)
PRO
PRO
എന്‍ പീതാംബരക്കുറുപ്പ് എംപിക്കെതിരായ പരാതിയില്‍ നിന്ന് ശ്വേത മേനോന്‍ പിന്‍മാറി. പരാതി പിന്‍വലിക്കുന്നതായി ശ്വേത മേനോന്‍ ഇ മെയില്‍ സന്ദേശത്തില്‍ അറിയിച്ചു. ബാഹ്യ ഇടപെടലിനെത്തുടര്‍ന്നല്ല പരാതി പിന്‍വലിക്കുന്നതെന്നും കുടുംബവുമായി ആലോചിച്ച ശേഷമാണ് തീരുമാനമെന്നും മാധ്യമങ്ങള്‍ക്കയച്ച ഇ മെയില്‍ സന്ദേശത്തില്‍ ശ്വേത വ്യക്തമാക്കുന്നു. ഇതോടെ രണ്ടു ദിവസമായി തുടരുന്ന വിവാദങ്ങള്‍ക്കും വിരാമമായി. . ശ്വേതാ മേനോന്‍ ഞായറാഴ്ച്ച പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ എല്ലാ നിയമ നടപടികളും അവസാനിപ്പിക്കുന്നതായാണ് ശ്വേത അറിയിച്ചത്.
പീതാംബരക്കുറുപ്പ് നിരന്തരം ക്ഷമാപണം നടത്തിയത് അംഗീകരിക്കുന്നു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും ശ്വേത ഇ മെയില്‍ സന്ദേശത്തില്‍ വിശദീകരിച്ചു. ശ്വേതാ മേനോന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് പീതാംബരക്കുറുപ്പിനെതിരെ കേസെടുത്തിരുന്നു. സ്ത്രീയോട് അപമര്യാദയായി പെരുമാറി, ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്.
ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ശ്വേതയുടെ മൊഴിയെടുത്തത്. കൊല്ലത്ത് പ്രസിഡന്‍സ് ട്രോഫി വള്ളംകളി ഉത്ഘാടനത്തിന് പോയപ്പോള്‍ കാറില്‍ നിന്നും ഇറങ്ങിയപ്പോള്‍ മുതല്‍ തന്റെ ശരീരത്തില്‍ ചിലര്‍ അനാവശ്യമായി സ്പര്‍ശിച്ചിരുന്നെന്നും ഇത് വേദിയില്‍ എത്തിയപ്പോഴും തുടര്‍ന്നപ്പോഴാണ് താന്‍ അപമാനിക്കപ്പെട്ടതെന്ന് മനസ്സിലായതെന്നുമാണ് ശ്വേത മൊഴി നല്‍കിയത്. ഈ സമയം വേദിയില്‍ ഉണ്ടായിരുന്നത് പീതാംബരക്കുറുപ്പ് എംപിയും കണ്ടാല്‍ അറിയാവുന്ന ഒരു വ്യവസായിയും ഒരു പ്രൊഫസറുമായിരുന്നുവെന്നും ഇവരില്‍ നിന്നാണ് തനിക്ക് അപമാനം ഉണ്ടായതെന്നും ശ്വേത മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യങ്ങള്‍ അന്ന് തന്നെ കൊല്ലം ജില്ലാ കളക്ടറെ അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തിപരമായി മാപ്പ് പറഞ്ഞെന്നും ശ്വേത അന്വേഷണസംഘത്തെ അറിയിച്ചു. ഒന്നരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന അന്വേഷണ സംഘം മാധ്യമങ്ങളോട് പ്രതികരിച്ചില്ല. മൊഴി നല്‍കിയ ശേഷം ശ്വേതയും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും ഒരു സ്വകാര്യ ആവശ്യത്തിനായി ബംഗളൂരിലേക്ക് പോയി. ഇതേസമയം തിരക്കില്‍ ശ്വേതാമേനോനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും മറ്റുള്ളവരാണ് ശല്യം ചെയ്തതെന്നും എന്‍ പീതാംബരക്കുറുപ്പ് എംപി പറഞ്ഞു. ദര്‍ശനത്തിലോ സ്പര്‍ശനത്തിലോ അരോചകത്വം തോന്നിയെങ്കില്‍ നിര്‍വ്യാജം പൊറുക്കണം. ഇക്കാര്യം ശ്വേതയേയും ഭര്‍ത്താവിനേയും വിളിച്ച് അറിയിച്ചിരുന്നതായും പിതാംബരക്കുറുപ്പ് പറഞ്ഞു.
ഇതിനിടെ ശ്വേതാ മേനോനെതിരെ മുരളീധരനും കൊല്ലം ഡിസിസിയും രംഗത്തെത്തിയിരുന്നു. ശ്വേതയെ ഇരയായി കാണാനാവില്ലെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. സ്വന്തം പ്രസവം ചിത്രീകരിച്ച നടിയാണ് ശ്വേതയെന്നും മുരളീധരന്‍ പറഞ്ഞു. വിവാദമുണ്ടാക്കാന്‍ ശ്വേത മുമ്പും ശ്രമിച്ചിട്ടുണ്ടെന്നായിരുന്നു ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാന്റെ ആരോപണം. ശ്വേത കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും കോടികള്‍ വാങ്ങി പ്രസവം ചിത്രീകരിക്കാന്‍ അനുവദിച്ചെന്നും പ്രതാപവര്‍മ തമ്പാന്‍ ആക്ഷേപിച്ചു.
അപമാനിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ചൊവ്വാഴ്ച്ച പരാതി നല്‍കുമെന്നാണ് ശ്വേത മേനോന്‍ നേരത്തെ അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി വൈകി സിനിമാസംഘടനകളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ശ്വേത തീരുമാനിച്ചിരുന്നു. കൊല്ലത്തെ അപമാനം മറക്കാനാവില്ലെന്നും സംഭവത്തെതുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നതെന്നുമാണ് ശ്വേത കഴിഞ്ഞ ദിവസം പറഞ്ഞത്. പക്ഷേ രാത്രിയോടെയാണ് സംഭവത്തില്‍ നാടകീയമായ വഴിത്തിരിവുണ്ടായത്. പരാതിയുമായി മുന്നോട്ടുപോകേണ്ടെന്ന് തീരുമാനിച്ചതായി ശ്വേത അറിയിക്കുകയായിരുന്നു.
വെള്ളിയാഴ്ച്ച കൊല്ലത്ത് നടന്ന വള്ളംകളി മത്സരത്തിനിടെയാണ് ശ്വേതാ മേനോനെ അപമാനിച്ചത്. വള്ളംകളിയുടെ ഉത്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു ശ്വേത. ഒരു ചാനലില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനെത്തുടര്‍ന്നാണ് സംഭവം വിവാദമായത്. തന്നെ ശാരീരികമായ അപമാനിച്ചതായി ശ്വേത തന്നെയാണ് വെളിപ്പെടുത്തിയത്.