വിഴിഞ്ഞം കരാര്‍: ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു; ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അന്വേഷിക്കും

ബുധന്‍, 31 മെയ് 2017 (12:54 IST)
വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണരായി വിജയന്‍.  ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായുള്ള കമ്മീഷനാണ് കരാറിനെ കുറിച്ച് അന്വേഷിക്കുകയെന്നും ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറിനെ കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനം ഉണ്ടായതോടെയാണ് ഈ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്
 
കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി അദ്ദേഹം പറഞ്ഞു. കശാപ്പ് നിരോധന ഉത്തരവിനെതിരെ നടപടികളാലോചിക്കാന്‍ സര്‍ക്കാര്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും. അതിനായി വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിശകലനം ചെയ്യുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
 
കശാപ്പിനായി കാലിച്ചന്തവഴി കന്നുകാലികളെ വിൽക്കുന്നതു നിരോധിച്ച ഉത്തരവിനെതിരായ ഹർജികൾ ഹൈക്കോടതിയുടെ മുന്നിലും എത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുകയാണെന്നും ഇതു മതസൗഹാർദം തകർക്കാനുള്ള നീക്കമാണെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.  

വെബ്ദുനിയ വായിക്കുക