കോണ്‍ഗ്രസ് സംസ്കാരത്തിന് ചേരാത്ത വാക്കും പ്രവര്‍ത്തിയില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനില്‍ നിന്നും ഉണ്ടാകരുതെന്ന് ഉമ്മന്‍ചാണ്ടി. വിമര്‍ശനത്തെ കോണ്‍ഗ്രസ് ഭയപ്പെട്ടിരുന്നില്ലെന്നും സ്വയം നന്നാവാനും ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനും വിമര്‍ശനം നല്ലതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കോണ്‍ഗ്രസ് സംസ്കാരത്തിന് ചേരാത്ത വാക്കും പ്രവര്‍ത്തിയും ഒരാളില്‍ നിന്നും ഉണ്ടാകരുത്. നീണ്ട കാലയളവുകൊണ്ട് കോണ്‍ഗ്രസ് സൃഷ്ടിച്ച പ്രവര്‍ത്തന ശൈലിയുണ്ട്. അതില്‍ നിന്ന് ആരും മാറരുത്. ഇപ്പോഴുണ്ടായ വിമര്‍ശനത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പോസിറ്റീവായി എടുത്തിട്ടുണ്ട്. നമ്മള്‍ ആരും 100 ശതമാനം കറക്‍ടല്ല - ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
വിമര്‍ശനമുണ്ടായപ്പോള്‍ അതിനോട് രമേശ് ചെന്നിത്തല സ്വീകരിച്ച സമീപനമാണ് നല്ല രീതി. വിമര്‍ശനത്തെ കോണ്‍ഗ്രസ് ഭയപ്പെട്ടിരുന്നില്ല. പേരുമാറ്റി സ്വയം വിമര്‍ശിച്ച് ലേഖനമെഴുതിയയാളാണ് ജവഹര്‍ലാല്‍ നെഹ്രു - ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ഡി സി സി പുനഃസംഘടനയുടെ കാര്യത്തില്‍ ഞാന്‍ പ്രതിഷേധമൊന്നും പ്രകടിപ്പിച്ചിട്ടില്ല. പുനഃസംഘടനയുടെ ഒരു ഘട്ടം കഴിഞ്ഞു. ഇനി തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട് - ഉമ്മന്‍ചാണ്ടി പറഞ്ഞു.