വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് നിയമപരിരക്ഷ: കോടിയേരി

ബുധന്‍, 30 ജൂണ്‍ 2010 (09:53 IST)
സംസ്ഥാനത്തെ കോളജ് ക്യാംപസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് നിയമ പരിരക്ഷ നല്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് പരിരക്ഷ നല്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം സഭയില്‍ അറിയിച്ചു.

കോളജുകളില്‍ രാഷ്ട്രീയം നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകള്‍ പ്രവര്‍ത്തിക്കാത്ത സ്ഥലങ്ങളിലാണ് അരാജകത്വം ഉണ്‌ടാകുന്നത്‌. കോട്ടയം സി എം എസ്‌ കോളജില്‍ ഉണ്ടായ അക്രമസംഭവങ്ങളെ സര്‍ക്കാര്‍ ന്യായീകരിക്കുന്നില്ലെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

ഒരു സംഘടനയ്ക്കും ക്യാംപസിനുള്ളില്‍ പ്രത്യേക ഓഫീസ്‌ അനുവദിക്കാനാവില്ല. മുമ്പുണ്‌ടായിരുന്ന പോലെ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലല്ല ഇപ്പോള്‍ സംഘര്‍ഷങ്ങളെന്നും മറിച്ച്‌ കോളജ്‌ മാനേജ്മെന്‍റുമായിട്ട് ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ അപകടത്തില്‍പ്പെടുന്ന പോലീസുകാരെ സഹായിക്കാന്‍ പ്രത്യേക സഹായനിധി രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി സഭയില്‍ പറഞ്ഞു. ഇതിന്‍റെ കരട്‌ സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക