വിതുര പെണ്‍വാണിഭം: ജഗതിയെ വെറുതെ വിട്ടു

വിതുര പെണ്‍വാണിഭ കേസില്‍ നടന്‍ ജഗതി ശ്രീകുമാറിനെ വെറുതെ വിട്ടു. കോട്ടയം പ്രത്യേക കോടതി ജഡ്ജി ബാബുരാജാണ് വിധി പറഞ്ഞത്.

കേസിലെ രണ്ടാം പ്രതിയായ തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി ശോഭയെയും വെറുതേ വിട്ടു. വിതൂര സ്വദേശിയായ പെണ്‍കുട്ടി യെ അനുമതിയില്ലാതെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. 28 ഓളം സാക്ഷികളെ പ്രോസി ക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതില്‍ സംവിധായകനായ റാഫി കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാനായില്ലെന്ന് കോടതി വിധിന്യായം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്. പ്രോസിക്യൂഷന്‍ കോടതിയില്‍ ആദ്യം നല്‍കിയ കുറ്റപത്രം പിന്നീട് തിരുത്തി നല്‍കുകയും ചെയ്തു. 102-ാം നമ്പര്‍ മുറിയില്‍ വച്ചായിരുന്നു പീഡനം നടന്നുവെന്നായിരുന്നു ആദ്യം പ്രോസിക്യൂഷന്‍ നല്‍കിയ കുറ്റപത്രത്തിലുണ്ടായിരുന്നത്.

പിന്നീടിത് തിരുത്തി 104-ാം നമ്പര്‍ മുറി എന്നാക്കി മാറ്റുകയായിരുന്നു. 1995 നവമ്പര്‍ ഏഴിന് എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച് വിതൂര സ്വദേശിയായ പെണ്‍കുട്ടിയെ ജഗതി ശ്രീകുമാര്‍ മാനഭംഗപ്പെടുത്തിയെന്നായിരുന്നു കേസ്.

വെബ്ദുനിയ വായിക്കുക