വിജയം ഡയലോഗെഴുതിയ അച്ഛന്: കാവ്യ

വ്യാഴം, 6 ജനുവരി 2011 (13:19 IST)
PRO
തന്നെ മോണോ‌ആക്‌ട് പഠിപ്പിക്കുകയും മോണോ‌ആക്‌ടിനുള്ള ഡയലോഗ് എഴുതിത്തരികയും ചെയ്ത അച്ഛനുള്ളതാണ് തനിക്ക് ലഭിച്ച ഒന്നാം സ്ഥാനമെന്ന് മോണോ‌ആക്‌ടില്‍ ഒന്നാം സ്ഥാനം നേടിയ കാവ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞപ്പോള്‍ കേട്ടുനിന്നവര്‍ കയ്യടിച്ചു. എന്നാല്‍ കാവ്യയുടെ അച്ഛന്‍ നാടക നടനും എഴുത്തുകാരനുമായിരുന്ന കാഞ്ഞിക്കല്‍ സുശീലന്‍ കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ പെട്ട് മരിച്ചു എന്നറിഞ്ഞപ്പോള്‍ കൂടിനിന്നവരുടെ കണ്ണുനിറഞ്ഞു. സംസ്ഥാന കേരളോത്സവത്തില്‍ മോണോ‌ആക്‌ടില്‍ കാവ്യക്ക് ഒന്നാം സമ്മാനം ലഭിച്ചതിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ കാവ്യയെ കാണാന്‍ എത്തിയപ്പോഴാണ് ഈ വികാരം നിറഞ്ഞ സംഭവം അരങ്ങേറിയത്.

കഥാപ്രസംഗത്തിലും മോണോആക്റ്റിലും കാവ്യയുടെ ഗുരു അച്ഛനായിരുന്നു. അച്ഛന്‍ കാവ്യയ്ക്കായി എഴുതിയ ഡയലോഗുകള്‍ വൈകാരികതയോടെ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ കാവ്യക്ക് ഒന്നാം സ്ഥാനം ലഭിച്ചു. മയക്കുമരുന്നിന് അടിമപ്പെട്ട മകന്‍ തന്‍റെ മാതാപിതാക്കളേയും മുത്തശിയേയും വെട്ടിക്കൊല്ലുന്നതും ബോധം തിരികെ കിട്ടിയപ്പോള്‍ ചെയ്തുപോയ അപരാധത്തെക്കുറിച്ചോര്‍ത്തു നീറുന്ന കഥയാണ് കാവ്യ അവതരിപ്പിച്ചത്. സുശീലന്‍ തന്നെയാണു മകള്‍ക്കായി കഥാപ്രസംഗങ്ങള്‍ക്കും മോണോആക്‌ടിനും വിഷയങ്ങള്‍ കണ്ടെത്തിയിരുന്നതും സ്ക്രിപ്റ്റ് എഴുതിയിരുന്നതും.

പദ്യപാരായണം, കഥാപ്രസംഗം എന്നീ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം കാവ്യ സ്വന്തമാക്കിയിരുന്നു. 2010ല്‍ നടന്ന ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മോണോആക്‌ടിനും കഥാപ്രസംഗത്തിനും ഒന്നാം സ്ഥാനവും 2009-ലെ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ പദ്യപാരായണത്തിനും മോണോആക്‌ടിനും രണ്ടാംസ്ഥാനവും കഥാപ്രസംഗത്തില്‍ ഒന്നാംസ്ഥാനവും കരസ്ഥമാക്കിയിരുന്നു. ഈ വിജയങ്ങള്‍ക്കു പിന്നിലും തന്‍റെ അച്ഛന്‍റെ പരിശ്രമങ്ങളായിരുന്നെന്നു കാവ്യ പറയുന്നു.

പട്ടം സെന്‍റ് മേരീസ് സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണു കാവ്യ. സ്കൂള്‍ തലങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ ഒന്നൊഴിയാതെ കണ്ട് വിലയിരുത്തിയശേഷമായിരുന്നു അച്ഛന്‍ തനിക്കായി സ്ക്രിപ്റ്റ് എഴുതിയിരുന്നതെന്ന് കാവ്യ ഓര്‍മിക്കുന്നു. അച്ഛന്‍റെ കലാസൃഷ്ടികള്‍ വേദികളില്‍ കൈയടി നേടുമ്പോള്‍ അവ അച്ഛന്‍റെ ഓര്‍മയ്ക്കു മുന്‍പില്‍ സമര്‍പ്പിക്കുകയാണ് ഈ കൊച്ചുമിടുക്കി.

വെബ്ദുനിയ വായിക്കുക