വിഎസ്‌ നയിക്കണമെന്ന്‌ വാശിപിടിക്കരുത്: വിപിആര്‍

ബുധന്‍, 2 മാര്‍ച്ച് 2011 (13:37 IST)
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് 24 മണിക്കൂര്‍ പോലും തികഞ്ഞില്ല. സീറ്റ് വിഭജനം സംബന്ധിച്ച് ഇത്തവണത്തെ ആദ്യ വെടി പൊട്ടിച്ചിരിക്കുന്നത് എല്‍ഡിഎഫ്‌ ഘടകകക്ഷിയായ ആര്‍എസ്പിയാണ്. തങ്ങള്‍ക്ക് മത്സരിക്കാന്‍ ഏഴു സീറ്റുകള്‍ വേണമെന്ന് മുന്നണിയില്‍ ആവശ്യപ്പെടാന്‍ പോകുകയാണെന്ന് പാര്‍ട്ടി ജനറല്‍സെക്രട്ടറി വി പി രാമകൃഷ്ണപിള്ള പറഞ്ഞു. പിടിച്ചെടുത്ത സീറ്റുകള്‍ തിരികെത്തരണമെന്നാണ് ആര്‍എസ്പി വാദിക്കാന്‍ പോകുന്നത്.

മാത്രമല്ല, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ തന്നെ നയിക്കണമെന്ന് വാശിപിടിക്കരുതെന്നും രാമകൃഷ്ണപിള്ള തിരുവനന്തപുത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ വി എസിന്റെ പ്രതിച്ഛായ ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. സര്‍ക്കാരിനെ ഇത്രയും കാലം നല്ല രീതിയില്‍ കൊണ്ടുനടന്നയാളാണ് വി എസ്.

ആലപ്പുഴയിലെ ഹരിപ്പാട്‌ മണ്ഡലവും കൊല്ലം മണ്ഡലവുമാണ്‌ ആര്‍എസ്പി ആവശ്യപ്പെടാന്‍ പോകുന്നതെന്ന് രാമകൃഷ്ണപിള്ള വ്യക്തമാക്കി. സിപിഎം തങ്ങളുടെ കൈയില്‍ നിന്ന് തട്ടിപ്പറിച്ചെടുത്തവയാണ് ഈ സീറ്റുകളെന്ന് വിപിആര്‍ ആരോപിക്കുന്നു. മലപ്പുറത്തെ ഒരു സീറ്റും പാര്‍ട്ടി തിരികെ ചോദിക്കും.

ഇതോടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച എല്‍ഡിഎഫ് ചര്‍ച്ചകളില്‍ പൊട്ടിത്തെറിയുണ്ടാവുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക