വിഎസിന് പദവി നൽകുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ല: പിണറായി

വ്യാഴം, 9 ജൂണ്‍ 2016 (13:46 IST)
വി എസ് അച്യുതാനന്ദന് പദവി നൽകുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം പ്രസ് ക്ലബിൽ മീറ്റ് ദ് പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി എസിന്റെ പദവി സംബന്ധിച്ച തീരുമാനം കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം മാത്രമേ ഉണ്ടാകൂവെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
 
വലിയ രീതിയില്‍ ജനപിന്തുണ ലഭിച്ച് അധികാരത്തില്‍ എത്തിയ എല്‍ഡി‌എഫ് സര്‍ക്കാര്‍ ജനവിധിയെ മാനിച്ചുകൊണ്ടുള്ള ഭരണമാകും കാഴ്ചവയ്ക്കുക. അഴിമതിക്കെതിരായ നടപടികളുമായി മുന്നോട്ടുപോകും. മുന്നിൽവരുന്ന എല്ലാ പരാതികളും 30 ദിവസത്തിനകം തീർപ്പാക്കും. രാഷ്ട്രീയമായി ആരോടും പ്രതികാരം ചെയ്യാനില്ലെന്നും പിണറായി വ്യക്തമാക്കി.
 
നിലവില്‍ കേരളത്തിന്റെ സാമ്പത്തികനില അതീവഗുരുതരാവസ്ഥയിലാണ്. സിഎജി കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം കടം 1,54,057 കോടി രൂപയാണ്. സർക്കാരിനുമുന്നിലുള്ള പ്രതിസന്ധികൾ മറികടക്കാൻ ഭാവനാപൂർണമായ പദ്ധതികൾ ആവിഷ്കരിക്കുമെന്നും പിണറായി പറഞ്ഞു.
 
മുല്ലപ്പെരിയാർ വിഷയം സംഘർഷത്തിലൂടെ പരിഹരിക്കാൻ കഴിയില്ല. തമിഴ്നാടുമായി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. മുല്ലപ്പെരിയാർ ഡാം നിർമിക്കാൻ തമിഴ്നാടിന്റെ പൂര്‍ണ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

വെബ്ദുനിയ വായിക്കുക