വയനാട് ഭൂമികൈയേറ്റം: സര്‍ക്കാരിന്‍റെ അപ്പീല്‍ ഇന്ന് പരിഗണിക്കും
തിങ്കള്‍, 14 ജൂണ്‍ 2010 (09:55 IST)
വയനാട്ടില്‍ അനധികൃതമായി ഭൂമി കൈയേറിയവരെ ഒഴിപ്പിക്കണമെന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും. അടിയന്തരപ്രാധാന്യമുള്ള വിഷയമായതിനാല്‍ ഹൈക്കോടതിവിധി സ്റ്റേ ചെയ്യണമെന്ന് സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പീല്‍ നല്കിയതിനു പുറമേ ഇത് എത്രയും പെട്ടെന്ന് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയും നല്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അപ്പീല്‍ ഇന്ന് തന്നെ പരിഗണിക്കാന്‍ സുപ്രീംകോടതി തയ്യാറായിരിക്കുന്നത്.
തോട്ടങ്ങളില്‍ കുടില്‍വച്ച് താമസിക്കുന്ന ആദിവാസികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് കാണിച്ചാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഹൈക്കോടതിവിധി സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം തന്‍റെ ഭാഗം കൂടി കേള്‍ക്കാതെ സര്‍ക്കാരിന്റെ ഹര്‍ജിയില്‍ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് എം വി ശ്രേയാംസ്കുമാര്‍ സുപ്രീംകോടതിയി കവിയറ്റ് ഫയല്‍ ചെയ്തിട്ടുണ്ട്. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന അപ്പീല്‍ പരിഗണിക്കുമ്പോള്‍ തന്‍റെ വാദം കേള്‍ക്കാതെ ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന് ശ്രേയാംസ് കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.