വയനാട്ടില്‍ കുളങ്ങളും ചതുപ്പുകളും വ്യാപകമായി നികത്തുന്നു

തിങ്കള്‍, 4 മാര്‍ച്ച് 2013 (17:18 IST)
PRO
PRO
കുളങ്ങളും ചതുപ്പ്‌ നിലങ്ങളും കാവും മണ്ണിട്ടുനികത്തുന്നത്‌ ജില്ലയില്‍ വ്യാപകം. കടുത്ത വരള്‍ച്ചയിലൂടെ കടന്നുപോകുന്ന വയനാട്ടിലെ കുളങ്ങളും കിണറുകളും വറ്റിവരണ്ടിരിക്കുകയാണ്‌. കുളങ്ങള്‍ വറ്റിവരണ്ടതോടുകൂടി അവ നികത്തലും തകൃതിയായി. ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ കുളം വരണ്ടിരിക്കുന്നതിനാല്‍ നടപടി സ്വീകരിക്കാത്തതാണ്‌ നികത്തല്‍ വ്യാപകമാകാന്‍ കാരണമായത്‌.

വയനാട്‌ ജില്ലാ പഞ്ചായത്ത്‌ കൊറ്റില്ലത്തിനുവേണ്ടി ഫണ്ട്‌ അനുവദിച്ച ഭാഗം ഒരു ന്യൂനപക്ഷ സമുദായത്തിന്റെ നേതൃത്വത്തില്‍ മണ്ണിട്ട്നികത്തി. പ്രദേശത്തെ മുളംകാടുകളും ജൈവസമ്പത്തും ജെസിബി ഉപയോഗിച്ച്‌ വെടിപ്പാക്കി. ഈ പ്രദേശം ശ്മശാനഭൂമിയാക്കാനാണ്‌ ഇവരുടെ തീരുമാനം.

കബനിയുടെ പോഷകനദിയായ പനമരംപുഴയുടെ രണ്ട്‌ വശങ്ങളും എട്ടുമീറ്റര്‍ വീതിയില്‍ സംരക്ഷിച്ച്‌ പുഴയോരം കൊറ്റില്ലമാക്കാനുള്ള പദ്ധതിയാണ്‌ മണ്ണിട്ടുനികത്തലിലൂടെ തടയപ്പെടുന്നത്‌. കൂടാതെ പുഴയോരത്ത്‌ ശവം മറവുചെയുമ്പോഴുണ്ടാകുന്ന ദുരിതം ജനം പേറുകയുംവേണം. ഈ പ്രദേശമാകെ അറവുമാലിന്യം നിക്ഷേപിച്ചിരിക്കുകയാണ്‌. ഇതുസംബന്ധിച്ച്‌ പഞ്ചായത്ത്‌ ഭരണസമിതിയോ വില്ലേജ്‌ അധികാരികളോ നടപടി സ്വീകരിച്ചിട്ടില്ല. പഞ്ചായത്തോഫീസില്‍ നിന്ന്‌ ഇരുനൂറ്‌ മീറ്റര്‍ മാത്രം അകലെയാണ്‌ കുളം നികത്തല്‍ നടന്നത്‌.

പനമരത്തെ തലക്കര ചന്തുനഗര്‍ നീരിട്ടാടിയില്‍ ഡിവൈഎഫ്‌ഐ നേതാവും ലീഗ്‌ നേതാവും കാവിനോടനുബന്ധിച്ചുള്ള കുളവും നിലവും മണ്ണിട്ടുനികത്തി. കഴിഞ്ഞ വര്‍ഷം ലീഗ്‌ നേതാവ്‌ നിലംനികത്തിയതിനെതിരെ കൊടികുത്തി സമരം നടത്തിയ ഡിവൈഎഫ്‌ഐ നേതാവാണ്‌ ഇപ്പോള്‍ കാവും കുളവും നികത്തിയിട്ടുള്ളത്‌.

വെബ്ദുനിയ വായിക്കുക