വധു വിഷം കഴിച്ചു; യുവാവ് പതിന്നാലുകാരിയെ കെട്ടി

ചൊവ്വ, 14 ഫെബ്രുവരി 2012 (05:38 IST)
വിവാഹത്തലേന്ന് വധു വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലായി. ഇതേത്തുടര്‍ന്ന് വരന്‍ പതിന്നാലുകാരിയെ വിവാഹം കഴിച്ചു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മൂന്നാര്‍ പെരിയക്കനാല്‍ എസ്‌റ്റേറ്റിലെ മാരിപാണ്ടി(26)ക്കെതിരെയാണ് കേസ്.

ഈ മാസം ആദ്യമാണ് കേസിനാസ്പദമായ സംഭവം. വധു വിഷംകഴിച്ച് ആശുപത്രിയിലായപ്പോള്‍ വിവാഹം മുടങ്ങുമെന്ന സ്ഥിതിവന്നു. തുടര്‍ന്ന്, നിശ്ചയിച്ചുറപ്പിച്ച മുഹൂര്‍ത്തത്തില്‍ യുവാവ് സ്കൂള്‍ വിദ്യാര്‍ഥിനിയെ ബന്ധുക്കളുടെ അനുമതിയോടെ വിവാഹം കഴിച്ചത്. മാരിപാണ്ടിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മൂന്നാര്‍ എല്ലപ്പെട്ടി എസ്‌റ്റേറ്റില്‍നിന്ന് മാതാപിതാക്കളോടൊപ്പം എത്തിയതായിരുന്നു പതിന്നാലുകാരി. മാരിപാണ്ടിയുടെയുടെ ബന്ധുകൂടിയാണ് ഈ കുട്ടി. വിഷം കഴിച്ച വധു പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു.

സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും, തമിഴ്‌വംശജരായ വധൂവരന്മാര്‍ തമിഴ്‌നാട്ടിലേക്ക് ബന്ധുക്കളെ കാണാന്‍പോയിരുന്നു. പിന്നീട് ഇവര്‍ തിരിച്ചെത്തിയപ്പോള്‍ പോലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കുകയും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. തുടര്‍ന്ന് ബലാത്‌സംഗ കുറ്റത്തിനും, ശൈശവ വിവാഹ വകുപ്പുപ്രകാരവുമാണ് യുവാവിനെതിരെ കേസെടുത്തത്. മാരിപാണ്ടിയുടെ പിതാവ്, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്. പെണ്‍കുട്ടിയെ രാജാക്കാട്ടുള്ള ചൈല്‍ഡ്‌ലൈന്‍ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക