ലോട്ടറി ടിക്കറ്റുകള്‍ തൊണ്ടിമുതലായി പൊലീസ് സ്വീകരിച്ചു
ശനി, 30 ഒക്‌ടോബര്‍ 2010 (15:17 IST)
മേഘ ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്നും പിടിച്ചെടുത്ത ലോട്ടറി ടിക്കറ്റുകള്‍ പൊലീസ് തൊണ്ടിമുതലായി സ്വീകരിച്ചു. നികുതി അടയ്ക്കാത്തതിന്‍റെ പേരിലായിരുന്നു ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുത്തത്. വാണിജ്യ നികുതി വകുപ്പ് ടിക്കറ്റ് കൈമാറാന്‍ ഇന്നലെ ശ്രമിച്ചിരുന്നെങ്കിലും പൊലീസ് അതു സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇന്ന് രാവിലെയാണ് ടിക്കറ്റുകള്‍ തൊണ്ടിമുതലായി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായത്.
വാണിജ്യ നികുതി വകുപ്പ് പിടിച്ചെടുത്ത ടിക്കറ്റുകള്‍ മേഘയ്ക്കു മടക്കി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ടിക്കറ്റുകള്‍ പൊലീസ് മുഖാന്തരം തിരിച്ചു നല്‍കാനായിരുന്നു വാണിജ്യ നികുതി വകുപ്പ് ഇന്നലെ തീരുമാനിച്ചത്.
അതേസമയം, വാളയാര്‍ ചെക്പോസ്റ്റില്‍ ആറുകോടിയുടെ അനധികൃത ലോട്ടറി പിടിച്ച സംഭവം സംബന്ധിച്ച് അന്യസംസ്ഥാന ലോട്ടറികളുടെ ക്രമക്കേട്, ചട്ടലംഘനം എന്നിവയെക്കുറിച്ച് അന്വേഷിച്ച എ ഡി ജി പി സിബി മാത്യൂസ് കഴിഞ്ഞദിവസം സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.