ലോട്ടറിവിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് താല്പര്യം: പിണറായി

വ്യാഴം, 21 ഒക്‌ടോബര്‍ 2010 (16:09 IST)
ലോട്ടറിവിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് നിക്ഷിപ്ത താല്പര്യമുണ്ടെന്ന് സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍. പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോട്ടറിവിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് നിക്ഷിപ്ത താല്പര്യമുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്‌ ഒരു പൗരന്‍ നല്‍കുന്ന അവകാശം മാത്രമാണ്‌ നല്‍കിയത്‌. വാദത്തിനുവേണ്ടി കള്ളം പറയുന്ന നിലപാടാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോട്ടറി വിഷയത്തില്‍ എങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിക്കാമെന്നാണ്‌ അദ്ദേഹം ചിന്തിക്കുന്നത്‌.

കേന്ദ്രലോട്ടറി നിയമം ഭേദഗതി ചെയ്യണമെന്നും പിണറായി ആവശ്യപ്പെട്ടു. ലോട്ടറി നടത്തണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള വിവേചനാധികാരം സംസ്ഥാനങ്ങള്‍ക്ക്‌ നല്കണം.

അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന്‌ നടപടിയെടുക്കാമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ഇന്നലെ പറഞ്ഞിരുന്നു. പാര്‍ലമെന്‍റ് പാസ്സാക്കിയ ലോട്ടറി ബില്ലില്‍ ഇതിനുള്ള വ്യവസ്ഥകളുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തം നിറവേറ്റണമെന്നും ചിദംബരം പറഞ്ഞിരുന്നു. ഇതിനെതിരെ ആയിരുന്നു ഇന്ന് പിണറായി വിജയന്‍റെ പ്രസ്താവന.

വെബ്ദുനിയ വായിക്കുക