ലാവ്‌ലിന്‍: സി ബി ഐയ്ക്ക് വീണ്ടും കത്ത്

ഞായര്‍, 19 ഏപ്രില്‍ 2009 (13:13 IST)
എസ് എന്‍ സി ലാവ്‌ലിന്‍ കേസ് സംബന്ധിച്ച മുഴുവന്‍ രേഖകളും ആവശ്യപ്പെട്ടു കൊണ്ട് ആഭ്യന്തരവകുപ്പ് സി ബി ഐക്ക് വീണ്ടും കത്തെഴുതി. കേസില്‍ പ്രതിയായ സി പി എം സംസ്ഥാന സെക്രട്ടറിയും, മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് നിയമോപദേശം നല്‍കുന്നതിന് വേണ്ടിയാണ് രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ലാവ്‌ലിന്‍ കേസ് സംബന്ധിച്ച മുഴുവന്‍ രേഖകളും വേണമെന്ന് അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ ആഭ്യന്തര വകുപ്പ്‌ വീണ്‌ടും കത്തെഴുതിയിരിക്കുന്നത്. അഡ്വക്കേറ്റ് ജനറലിന്‍റെ നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിയൂ.

കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ആഭ്യന്തര വകുപ്പിന്‍റെ കത്ത് ശനിയാഴ്ച ചെന്നൈയിലെ സി ബി ഐ ഓഫീസില്‍ ലഭിച്ചിരുന്നു. നേരത്തെയും, കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു കൊണ്ട് ആഭ്യന്തരവകുപ്പ് സി ബി ഐക്ക് കത്തയച്ചിരുന്നു. എന്നാല്‍, പ്രസക്തമായ രേഖകളെല്ലാം നേരത്തെ തന്നെ നല്‍കിക്കഴിഞ്ഞതായും ബാക്കിയുള്ളവ കോടതിയില്‍ ഹാജരാക്കാമെന്നുമായിരുന്നു അപ്പോള്‍ സി ബി ഐയുടെ മറുപടി.

എന്നാല്‍, ഇതു സാധ്യമല്ലെന്നും മുഴുവന്‍ രേഖകളും പരിശോധിക്കണമെന്നും അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് സി ബി ഐക്ക് വീണ്ടും കത്തെഴുതിയത്. അതേസമയം, പ്രോസിക്യൂഷന്‍ അനുമതിയെക്കുറിച്ച്‌ തീരുമാനമെടുക്കുന്നതിനായി കോടതി അനുവദിച്ച സമയം മെയ്‌ 11ന്‌ അവസാനിക്കാനിരിക്കേ നടപടികള്‍ വൈകിപ്പിക്കുന്നതിനുള്ള ആഭ്യന്തരവകുപ്പിന്‍റെ ബോധപൂര്‍വ്വമായ ശ്രമമാണിതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക