ലാവ്‌ലിന്‍ കേസ് വിഭജിച്ചു; പിണറായി വിജയന്റെ ആവശ്യത്തിന് അംഗീകാ‍രം

ചൊവ്വ, 18 ജൂണ്‍ 2013 (16:35 IST)
PRO
എസ്എന്‍സി ലാവ്‌ലിന്‍ അഴിമതി കേസിലെ കുറ്റപത്രം വിഭജിച്ച് വിചാരണ നടത്താന്‍ ഹൈക്കോടതി ഉത്തരവ്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. നേരത്തെ പിണറായിയുടെ ആവശ്യം കേസ് പരിഗണിക്കുന്ന തിരുവനന്തപുരം സിബിഐ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് പിണറായി ഹൈക്കോടതിയെ സമീപിച്ചത്.

കേസിലെ നിലവിലെ പ്രതികളുടെ വിചാരണ ഉടന്‍ നടത്താനാണ് കോടതി നിര്‍ദ്ദേശം. കേസിലെ ആറും ഒന്പതും പ്രതികളായ ലാവ്‌ലിന്‍ കന്പനി,​ കന്പനി വൈസ് പ്രസിഡന്റ് ക്ളൗസ് ട്രെന്‍ഡല്‍ എന്നിവരുടെ വിചാരണ പ്രത്യേകമായി നടത്താനും കോടതി ഉത്തരവിട്ടു. ഈ പ്രതികള്‍ക്ക് നേരത്തെ സമന്‍സ് അയച്ചിരുന്നെങ്കിലും മടങ്ങിയിരുന്നു.

പിണറായിയുടെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന് സിബിഐ വാദിച്ചെങ്കിലും കോടതി അത് തള്ളി. കേസില്‍ ലാവ്‌ലിന്‍ കന്പനി അടക്കമുള്ള വിദേശ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സിബിഐയ്ക്ക് കഴിയാതെ പോയത് മറ്റു പ്രതികളോടുള്ള നീതിനിഷേധമായി കാണേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചു.

തന്‍റെ രാഷ്ട്രീയ ഭാവിക്ക് മേല്‍ കേസ് നീണ്ടു പോകുന്നത് കരിനിഴല്‍ വീഴ്ത്തിയെന്നും അതുകൊണ്ടുതന്നെ വേഗത്തില്‍ വിചാണ പൂര്‍ത്തിയാക്കണമെന്നുമാണ് പിണറായി വിജയന്‍ ഹര്‍ജി നല്‍കിയിരുന്നത്.

വെബ്ദുനിയ വായിക്കുക