ലാവ്‌ലിന്‍: ആഭ്യന്തരമന്ത്രിയെ പ്രതിയാക്കി എഫ്ഐആര്‍

വെള്ളി, 17 ഏപ്രില്‍ 2009 (15:30 IST)
എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനെയും, സി പി എം സംസ്ഥാന സെക്രട്ടറി പിണാറായി വിജയനെയും പ്രതി ചേര്‍ത്ത് പൊലീസ് എഫ് ഐ ആര്‍ തയ്യാറാക്കി. കോടിയേരി മൂന്നാം പ്രതിയും, പിണറായി നാലാം പ്രതിയുമാണ്.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാ‍ന്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ് സന്തോഷ് കുമാര്‍ ഈ മാസം പതിമൂന്നാം തീയതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് എഫ് ഐ ആര്‍ തയ്യാറായിരിക്കുന്നത്.

കേസില്‍ മുന്‍ വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാന്‍ രാജഗോപാല്‍ ഒന്നാം പ്രതിയും മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍ രണ്ടും മുന്‍ വൈദ്യുതി ബോര്‍ഡ്‌ അംഗം സിദ്ധാര്‍ഥ മേനോന്‍ അഞ്ചും മുന്‍ ഊര്‍ജ വകുപ്പ്‌ ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസ്‌ ആറും മുന്‍ വൈദ്യുതി ബോര്‍ഡ്‌ അംഗം കെ ജി രാജശേഖരന്‍ നായര്‍ ഏഴും പ്രതികളാണ്‌.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവ്‌ലിനുമായി ഉണ്ടാക്കിയ കരാര്‍ രേഖകള്‍ മന്ത്രിസഭയില്‍ നിന്ന് മറച്ചുവച്ചതാണ് കുറ്റം. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് കേസിലെ ഒന്നാം സാക്ഷി. അഡ്വ. നെയ്യാറ്റിന്‍കര പി നാഗരാജ്‌ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിന്‍മേലായിരുന്നു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നത്‌.

പ്രതികള്‍ ഗൂഢാലോചന നടത്തി വ്യക്തിപരമായ ലാഭത്തിനു വേണ്ടി യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെക്കുകയും മന്ത്രിസഭയ്‌ക്കു തെറ്റായ വിവരങ്ങള്‍ നല്‍കുകയും ഫയല്‍ പൂഴ്ത്തുകയും ചെയ്‌തുവെന്ന്‌ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. വിദേശ കമ്പനിയുമായി കരാറൊപ്പിടാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനു പകരം ഊര്‍ജ്ജ വകുപ്പിലെ കെ മോഹനചന്ദ്രനും എ ഫ്രാന്‍സിസും ചേര്‍ന്ന് ഒപ്പിട്ട നോട്ടാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയത് എന്നും ഹര്‍ജിയില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക