റിപ്പര്‍ ജയാനന്ദന് ഇനി ഏകാന്ത തടവ്; ഒളിവ് ജീവിതം കൊഴുപ്പിച്ചത് രാപ്പകല്‍ സമരവും സാംസ്കാരിക പരിപാടികളും!
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2013 (15:38 IST)
PRO
PRO
പിടിയിലായ കൊടും കുറ്റവാളി റിപ്പര്‍ ജയാനന്ദന് ഇനി ഏകാന്ത തടവ്. വധശിക്ഷ കാത്തു കഴിയവേയാണു റിപ്പര്‍ ജയാനന്ദന്‍ തടവ് ചാടിയത്. കൂടെ തടവു ചാടിയ ഊപ്പ പ്രകാശ് എന്ന പ്രകാശനെ ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഈ സമയം രാപ്പകല്‍ സമരത്തില്‍ പങ്കെടുത്തും സാംസ്‌കാരിക പരിപാടികള്‍ ആസ്വദിച്ചുമാണ് ജയാനന്ദന്‍ ഒളിവ് ജീവിതം ആസ്വാദ്യകരമാക്കിയത്. മൂന്ന് മാസം മോഷണം നടത്തിയാണ് ജീവിതം കഴിച്ചത്.
കൊടകരയിലുള്ള നാല് ക്ഷേത്രങ്ങളുടെ താഴികക്കുടങ്ങള്‍ മോഷ്ടിച്ചതായും മാളയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ രണ്ട് മൊബൈല്‍ ഫോണുകളും കൊടകരയില്‍ നിന്ന് ഒരു സൈക്കിളും മോഷ്ടിച്ചതായും ജയാനന്ദന്‍ പൊലീസിനോട് പറഞ്ഞു. പലയിടങ്ങളില്‍ നിന്നും ഇരുമ്പുസാധനങ്ങള്‍ പെറുക്കി വിറ്റു. സമയം തള്ളിനീക്കാന്‍ തൃശൂരില്‍ പലയിടങ്ങളിലും നടന്ന സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുത്തു. സോളാര്‍ കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ കേന്ദ്രത്തില്‍ നടത്തിയ രാപ്പകല്‍ സമരത്തിലും പങ്കെടുത്തുവെന്നും ജയാനന്ദന്‍ പൊലീസിനോട് സമ്മതിച്ചു.
ജൂണ്‍ പത്തിനാണ് പൂജപ്പുര ജയിലില്‍ നിന്നും ജയാനന്ദനും സഹതടവുകാരന്‍ ഊപ്പ പ്രകാശനും തടവുചാടിയത്. സെന്‍ട്രല്‍ ജയിലിലെ തടവറയുടെ ഓടാമ്പല്‍ അറുത്തു മാറ്റി പുറത്തു കടന്ന ഇവര്‍ വാഴയ്ക്ക് ഊന്നു കൊടുത്ത കഴകള്‍ ഉപയോഗിച്ച് ജയില്‍ വളപ്പിലെ മതിലിനു മുകളില്‍ കയറുകയും പിന്നീടു തുണികള്‍ ഉപയോഗിച്ച് താഴെയിറങ്ങുകയുമായിരുന്നു. ഈ സമയം ശക്തമായ മഴയായിരുന്നതിനാല്‍ ആരും ഈ സംഭവം ഉടന്‍ അറിയുകയും ചെയ്തിരുന്നില്ല.
കൊലപാതകം ഉള്‍പ്പെടെ ആറു കേസുകളില്‍ ശിക്ഷ അനുഭവക്കുകയാണ് ജയാനന്ദന്‍. ഇതു കൂടാതെ മറ്റ് ആറു കേസുകളില്‍ വിചാരണ നടക്കുന്നുമുണ്ട്. 2010 ജൂണില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജയില്‍ ചാടിയ ജയാനന്ദനെ ഊട്ടിയില്‍ നിന്നായിരുന്നു പിടികൂടിയത്.
റിപ്പര്‍ ജയാനന്ദന്റെ സുരക്ഷ ഉറപ്പുവരുത്താനും ഇനിയും ജയില്‍ ചാടാതിരിക്കാനും മറ്റും കനത്ത സുരക്ഷാ സംവിധാനമാവും ഉറപ്പാക്കുക. ഇതിനൊപ്പം മറ്റുള്ളവരുമായി യാതൊരു വിധ സംഭാഷണത്തിനും ഇടനല്‍കാതിരിക്കാനും വേണ്ടിയാണ് ഏകാന്തവാസം നല്‍കുന്നത്.