റഹ്മത്തുള്ള ലീഗില്‍; വഞ്ചകനെന്ന് ചന്ദ്രപ്പന്‍

ചൊവ്വ, 17 മെയ് 2011 (13:05 IST)
PRO
PRO
പാര്‍ട്ടി വിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്ന അഡ്വക്കേറ്റ് എം റഹ്മത്തുള്ളയെ സി പി ഐ പുറത്താക്കി. സി പി ഐ ദേശീയ കൗണ്‍സില്‍ അംഗമായിരുന്ന റഹ്മത്തുള്ള ചൊവ്വാഴ്ച രാവിലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നാണ് ലീഗ് അംഗത്വം സ്വീകരിച്ചത്. സി പി ഐ വിടുകയാണെന്നും ലീഗില്‍ ചേരുമെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരത്ത്‌ ചേര്‍ന്ന സി പി ഐ അടിയന്തര സെക്രട്ടറിയേറ്റ്‌ യോഗത്തിലാണ്‌ റഹ്മത്തുള്ളയെ പുറത്താക്കാന്‍ തീരുമാനമായത്. സംസ്ഥാന സെക്രട്ടറിയേറ്റിലെ അംഗങ്ങളെല്ലാം ഇക്കാര്യത്തില്‍ ഒരേ നിലപാടാണ്‌ സ്വീകരിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്. അതേസമയം റഹ്മത്തുള്ള വഞ്ചകനാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി കെ ചന്ദപ്പന്‍ പറഞ്ഞു. ഒരു വ്യക്തി എന്ന നിലയില്‍ കൊടുക്കാവുന്ന എല്ലാ പദവികളും റഹ്മത്തുള്ളയ്ക്ക് കൊടുത്തിട്ടുണ്ട്. പാര്‍ട്ടി ഇത്തരം ചതിയന്മാരെ തിരിച്ചറിയണം. ആനുകൂല്യങ്ങള്‍ പറ്റിയ ശേഷം പാര്‍ട്ടി വിടുന്നത് അപമാനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ അധികാരത്തിന് വേണ്ടിയല്ല ലീഗില്‍ ചേര്‍ന്നതെന്ന് റഹ്മത്തുള്ള പറഞ്ഞു. മതന്യൂനപക്ഷങ്ങളെ പൂര്‍ണ്ണമായും അവഗണിക്കുന്ന നിലപാടാണ് സി പി ഐയുടേത്. സാമൂഹ്യനീതി ഇപ്പോള്‍ കമ്യൂണിസ്റ്റ് പുസ്തകങ്ങളില്‍ മാത്രമായി ഒതുങ്ങുകയാണ്. ഏറനാട് മണ്ഡലത്തില്‍ ദുര്‍ബലാ‍നായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കൊണ്ടാണ് വോട്ട് കുറഞ്ഞതെന്നും അവിടെ സി പി എം വോട്ട് മറിച്ചതായും റഹ്മത്തുള്ള പറഞ്ഞു. സി പി ഐയില്‍ നിന്ന് ഇനിയും ആളുകള്‍ ലീഗിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.

ഏറനാട് മണ്ഡലത്തില്‍ ദയനീയ പരാജയമാണ് സി പി ഐ ഏറ്റുവാങ്ങിയത്. വെറും 2700 വോട്ടുകള്‍ മാത്രമാണ് സി പി ഐക്ക് ഇവിടെ ലഭിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച ഇതെക്കുറിച്ച് പാര്‍ട്ടി റഹ്മത്തുള്ളയോട് വിശദീകരണം ചോദിച്ചിരുന്നു. സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ് ഏറനാട് മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്ത് എത്തിയിരുന്നത്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ പി വി അന്‍‌വറിനെ സഹായിക്കാന്‍ റഹ്മത്തുള്ള ശ്രമിച്ചതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

വെബ്ദുനിയ വായിക്കുക