റബ്ബര്‍, കയര്‍ ഉത്പന്നങ്ങള്‍ക്ക് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ കൊണ്ടുവരണം: മുഖ്യമന്ത്രി

ബുധന്‍, 22 മെയ് 2013 (18:47 IST)
PRO
PRO
സംസ്ഥാനത്തെ റബര്‍, കയര്‍ ഉത്പങ്ങള്‍ക്ക് കൂടി സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ കൊണ്ടുവരുന്നതിന് ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിലവില്‍ സ്വര്‍ണങ്ങളുടെ ഗുണനിലവാരം അളക്കുന്നതിന് ബിഐഎസ് മാര്‍ക്കിംഗ് സംവിധാനം ഉണ്ട്. ഇത് റബ്ബര്‍, കയര്‍ ഉത്പങ്ങള്‍ക്ക് കൂടി കൊണ്ടുവരണം. റബ്ബര്‍ ഉത്പങ്ങള്‍, സ്വര്‍ണ്ണ വ്യവസായം എന്നിവയുടെ വളര്‍ച്ചയ്ക്കുതകുന്ന വിധം ആവശ്യക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിന് സംസ്ഥാനത്ത് പ്രത്യേക ട്രെയിനിംഗ് സെന്ററും ലബോറട്ടറിയും തുറക്കുന്നത് പരിഗണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ കേരളത്തിലെ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ഉദ്യോഗസ്ഥതലത്തില്‍ പ്രത്യേക പരിശീലനം ലഭ്യമാക്കുന്നതിന് ബിഐഎസ് ട്രെയിനിംഗ് സെന്ററിലൂടെ കഴിയണം. ജനങ്ങള്‍ക്ക് മികച്ച സേവനം നല്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സ്വര്‍ണ വ്യവസായ മേഖലയില്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് സംവിധാനം നടപ്പിലാക്കിയത് ഗുണകരമായ മാറ്റമുണ്ടാക്കി. കൊച്ചിയില്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്ന ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന് എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക