റബ്ബര്‍ ഇറക്കുമതി തീരുവ: മാണി ഉപവാസത്തിന്

വെള്ളി, 27 ഓഗസ്റ്റ് 2010 (15:44 IST)
PRO
റബ്ബര്‍ ഇറക്കുമതി തീരുവ കുറച്ചതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണി ഉപവസിക്കും. ഈ മാസം 31ന് കോട്ടയം തിരുനക്കര മൈതാനത്തില്‍ ആയിരിക്കും മാണിയുടെ നേതൃത്വത്തില്‍ ഉപവാസം നടക്കുക. കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി സി ജോര്‍ജ് കോഴിക്കോട് അറിയിച്ചതാണ് ഇക്കാര്യം.

അതേസമയം, റബര്‍ ഇറക്കുമതി തീരുവ കുറച്ചതിന്‌ പിന്നില്‍ രാജ്യാന്തര തലത്തില്‍ നടന്ന ഗൂഡാലോചനയാണെന്നും പി സി ജോര്‍ജ് ആരോപിച്ചു. രാജ്യാന്തര തലത്തില്‍ റബ്ബര്‍ വ്യവസായികള്‍ നടത്തിയ ഗൂഡാലോചനയാണ് റബ്ബറിന് ഇറക്കുമതി തീരുവ കുറച്ചത്.

കൊച്ചിയില്‍ വെച്ചാണ് ഇറക്കുമതി തീരുവ കുറയ്ക്കുന്നത് സംബന്ധിച്ചുള്ള ഗൂഡാലോചന നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ്‌ 14 ന്‌ കൊച്ചിയില്‍ നടന്ന ഇന്ത്യാ റബ്ബര്‍ സമ്മിറ്റ്‌ ആന്‍ഡ് ഡിന്നര്‍ എന്ന സമ്മേളനത്തിലാണ്‌ ഗൂഢാലോചന നടന്നത്‌. ഇതിന്‌ കേന്ദ്രസഹായം ചെയ്യാന്‍ പാടില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.

കാര്‍ഷികമേഖലയെ വ്യവസായിക ഭീമന്മാരുടെ കൈകളില്‍ നിന്നും രക്ഷിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ നേരിട്ട് ഇടപെടണമെന്നും പി സി ജോര്‍ജ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക