രാഹുല്‍ ഗാന്ധിയുടെ തന്ത്രം ഏശിയില്ല!

ശനി, 14 മെയ് 2011 (10:32 IST)
PRO
PRO
ഒടുവില്‍ ‘അമൂല്‍ പുത്രന്മാര്‍’ രാഹുല്‍ ഗാന്ധിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. നിയമസഭയിലേക്ക് അയക്കാനായി രാഹുല്‍ കണ്ടെടുത്ത യുവനിരയില്‍ പകുതിയിലേറെ പേരും തോറ്റ് തുന്നം പാടി. രാഹുല്‍ നിര്‍ബന്ധിച്ച് പിടിച്ചു വാങ്ങിയ 13 സീറ്റുകളില്‍ നിന്ന് ആറ് സീറ്റുകളില്‍ മത്സരിച്ചവരെ മാത്രമേ ജനങ്ങള്‍ തുണച്ചുള്ളൂ. ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ്, പി കെ ജയലക്ഷ്മി, വി ടി ബലറാം, അന്‍വര്‍ സാദത്ത് എന്നിവരാണ് രാഹുലിന്റെ ലിസ്റ്റില്‍ നിന്ന് ജയിച്ചുകയറിയവര്‍.

എന്നാല്‍ എം ലിജു, കെ ടി ബെന്നി, കെ പി അനില്‍കുമാര്‍, ബിന്ദു കൃഷ്ണ, ജോസി സെബാസ്റ്റ്യന്‍, വി കെ ശ്രീകണ്ഠന്‍, ആദം മുല്‍സി എന്നിവര്‍ രാഹുലിന്റെ പതീക്ഷകള്‍ തെറ്റിച്ചു. ജനങ്ങള്‍ ഇവരെ മലര്‍ത്തിയടിച്ചു. ഇതില്‍ ചാലക്കുടിയില്‍ മത്സരിച്ച കെ ടി ബെന്നിയെ സംസ്ഥാന നേതൃത്വത്തിന്റെ വമ്പന്‍ എതിര്‍പ്പുകള്‍ അവഗണിച്ചാണ് മത്സരിപ്പിച്ചത്.

അതേസമയം എട്ട് പേര്‍ക്ക് ഒരു കാരണവശാലും സീറ്റ് നല്‍കരുതെന്ന് രാഹുല്‍ നിര്‍ദേശിച്ചിരുന്നു. ഇതില്‍ മൂന്ന് പേരെ പാര്‍ട്ടി നേതൃത്വം ഇടപെട്ട് അവസാനനിമിഷം മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ രണ്ടുപേര്‍ വിജയിക്കുകയും ചെയ്തു. എം പി വിന്‍സന്റ്, ഐ സി ബാലകൃഷ്ണന്‍ എന്നിവരാണിവര്‍. ഇവിടെയും തെറ്റിയത് രാഹുലിന്റെ കണക്കുകൂട്ടല്‍ തന്നെ ആയിരുന്നു.

ഡല്‍ഹിയിലെ ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പങ്ങള്‍ക്കും സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കും ശേഷമായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായത്. സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുള്ള രാഹുലിന്റെ പിടിവാശിയും ഇതിന് കാരണമായി.

വെബ്ദുനിയ വായിക്കുക