രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണന് ജീവപര്യന്തം. ബിജുവിന്റെ അമ്മ രാജമ്മാളിന് മൂന്നുവര്‍ഷം തടവ്. ബിജു 2,10,000 രൂപ പിഴയും അടയ്ക്കണം. കേസില്‍ ബിജു രാധാകൃഷ്ണനും അമ്മ രാജമ്മാളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവുനശിപ്പിക്കല്‍, പീഡനം, മകനെ മര്‍ദ്ദിച്ചു എന്നീ കുറ്റങ്ങളാണ് ബിജുവിനെതിരേ ചുമത്തിയിരുന്നത്. സ്ത്രീപീഡനമാണ് രാജമ്മാളിനെതിരെ ചുമത്തിയിട്ടുള്ളത്.
ബിജുവിന്റെ കുളക്കടയിലെ വീട്ടില്‍ 2006 ഫെബ്രുവരി മൂന്നിനു രാത്രിയാണു രശ്മി കൊല്ലപ്പെട്ടത്. ബലമായി മദ്യം നല്‍കിയ ശേഷം ശ്വാസം മുട്ടിച്ചു കൊന്നുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവസമയത്ത് മൂന്നു വയസ് മാത്രം പ്രായമുണ്ടായിരുന്ന ഇവരുടെ മകനാണ് കേസിലെ ഒന്നാം സാക്ഷി.
മൂന്നു മാസം നീണ്ട വിചാരണ നടപടികളാണ് നടന്നത്. സരിത എസ് നായരും ശാലു മേനോനും ഉള്‍പ്പെടെ 43 സാക്ഷികളെ പ്രോസിക്യൂഷനും മൂന്നു സാക്ഷികളെ പ്രതിഭാഗവും വിസ്തരിച്ചിരുന്നു. അറുപതോളം രേഖകളും 8 തൊണ്ടിമുതലും കോടതി പരിഗണിച്ചു. കേസില്‍ സരിതയെ പ്രതിചേര്‍ക്കണമെന്ന ഹര്‍ജി കോടതി തള്ളി. രശ്മി കൊല്ലപ്പെട്ട് ഏഴ് വര്‍ഷത്തിനു ശേഷമാണ് കുറ്റക്കാരെ കണ്ടെത്തിയത്. ഇഴഞ്ഞുനീങ്ങിയ അന്വേഷണം ഊര്‍ജ്ജിതമായത് സോളാര്‍ വിവാദം പുറത്തുവന്നതോടെയാണ്.