രണ്ട് മാസക്കാലം ശരണമന്ത്രം മാത്രം: ശബരിമല നട ഇന്നു തുറക്കും
വെള്ളി, 15 നവംബര്‍ 2013 (11:25 IST)
PRO
മണ്ഡലകാലത്തിനു തുടക്കമായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം വെള്ളിയാഴ്ച വൈകിട്ട് അഞ്ചര മണിക്ക് തുറക്കും. നാടൊട്ടുക്ക് ഇനി രണ്ട് മാസക്കാല ശരണമന്ത്രം മാത്രം മുഴങ്ങുന്നതിന്‍റെ തുടക്കമായി വെള്ളിയാഴ്ച വൈകിട്ട് തന്ത്രി കണ്ഠരര് മഹേശ്വരരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എന്‍ ദാമോദരന്‍ പോറ്റി ശ്രീകോവിലില്‍ ദീപം തെളിക്കും.
ശനിയാഴ്ച വൃശ്ചികം ഒന്നാം തീയതി മുതല്‍ നാല്‍പ്പത്തൊന്നു ദിവസം നീണ്ടു നില്‍ക്കുന്ന മണ്ഡല കാലത്തിനും തുടര്‍ന്നു വരുന്ന മകരവിളക്ക് ഉത്സവവും നാടൊട്ടുക്ക് ശരണമന്ത്രങ്ങള്‍ മുഴങ്ങുന്നതിനു തുടക്കം കുറിക്കും.
ഇന്നു വൈകിട്ട് നട തുറന്നതിനു ശേഷം സന്ധ്യയ്ക്ക് ദീപാരാധനയ്ക്ക് ശേഷം ഏഴു മണിയോടെ നിയുക്ത മേല്‍ശാന്തി പി.എന്‍.നാരായണന്‍ നമ്പൂതിരിയുടെയും മാളികപ്പുറം മേല്‍ശാന്തി പി.എം.മനോജിന്‍റെയും അവരോധന ചടങ്ങും നടക്കും.
ശനിയാഴ്ച പുലര്‍ച്ചെ നാലു മണിക്ക് മണ്ഡല പൂജാ ചടങ്ങുകള്‍ക്ക് തുടക്കമാവും. അയ്യപ്പന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി നാളെ മുതല്‍ തന്നെ അരവണ, അപ്പം എന്നിവ കൃത്യമായി ലഭ്യമാക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ ദേവസ്വം അധികാരികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി 24 ലക്ഷം ഡപ്പി അരവണ, രണ്ടര ലക്ഷം ഉണ്ണിയപ്പം എന്നിവ തയ്യാറായിട്ടുണ്ട്.
മരക്കൂട്ടത്തെ തിരക്കു നിയന്ത്രിക്കാനായി സ്ഥാപിച്ച അടിപ്പാതയുടെ ഉദ്ഘാടനം ശനിയാഴ്ച മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വഹിക്കും. ഇതിനൊപ്പം പമ്പയിലെ ആശുപത്രി കോംപ്ലക്സിന്‍റെ അദ്യ നില ഉദ്ഘാടനവും നടക്കും. നിലയ്ക്കല്‍-പമ്പ സര്‍വീസ് നടത്തിപ്പിനായി കെ.എസ്.ആര്‍.ടിസി ചെയിന്‍ സര്‍വീസ് സര്‍വ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്.