യോഹന്നാന്റെ കളിക്കൂട്ടിന് ഇനി നാല് പേര്‍!

ചൊവ്വ, 22 മാര്‍ച്ച് 2011 (10:54 IST)
PRO
PRO
തനിച്ച് കളിക്കുമ്പോഴും കുറുമ്പുകാട്ടുമ്പോഴും ഒരു അനിയത്തിയോ അനിയനോ കൂടെയുണ്ടെങ്കിലെന്ന് യോഹന്നാന്‍ എന്ന കൊച്ചു മിടുക്കന്‍ കൊതിച്ചിരുന്നു. എന്നാല്‍ യോഹന്നാന് കൂട്ടായി ദൈവം കനിഞ്ഞ് നല്‍കിയത് രണ്ട് അനിയന്മാരെയും രണ്ട് അനിയത്തിമാരെയുമാണ്.

ഫോര്‍ട്ട് ‌കൊച്ചി ബീച്ച് റോഡിലെ ഓടത്താക്കല്‍ വീട്ടില്‍ ജെബി ജോണിന്റെ ഭാര്യ ദിവ്യയാണ് ഒറ്റ പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. മാര്‍ച്ച് 18 ന് ആയിരുന്നു ഇവരുടെ ജനനം. മൂത്ത മകന്‍ യോഹന്നാന് അഞ്ചു വയസ്സായപ്പോഴാണ് ജെബിയും ദിവ്യയും രണ്ടാമത്തെ കുട്ടിയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. എന്നാല്‍ സ്വാഭാവിക ഗര്‍ഭധാരണം നടക്കില്ലെന്ന് ബോധ്യമായപ്പോള്‍ ചികിത്സ തേടി വൈറ്റില വെല്‍കെയര്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു.

അങ്ങനെ കൃത്രിമഗര്‍ഭധാരണ ചികിത്സയിലൂടെ ദിവ്യ ഗര്‍ഭിണിയായി. ഗര്‍ഭപാത്രത്തില്‍ ഒന്നിന് പകരം നാലുപേരുണ്ടെന്ന് പരിശോധനയില്‍ തെളിയുകയും ചെയ്തു. നാലു കുഞ്ഞുങ്ങളെ ഉദരത്തില്‍ വഹിക്കേണ്ടി വരുന്നതിന്റെ പ്രയാസങ്ങള്‍ ഡോക്‍ടര്‍മാര്‍ ഈ ദമ്പതികളെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ദൈവം തന്ന കണ്മണികളെ വേണ്ടെന്നും വയ്ക്കാന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ജെബിക്കും ഭാര്യയ്ക്കും മനസ്സ് വന്നില്ല.

നാല് ഓമനകളെ ഗര്‍ഭപാത്രത്തില്‍ വഹിക്കാന്‍ ദിവ്യ അല്പം ബുദ്ധിമുട്ടിയെങ്കിലും ഡോക്‍ടര്‍മാരുടെ ജാഗ്രതയോടെയുള്ള പരിചരണം മൂലം എല്ലാം മംഗളമായി കലാശിച്ചു. നിശ്ചയിച്ച പ്രസവ തീയതിക്ക് ഒരുമാസം മുമ്പെ തന്നെ സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു.

ഒമ്പത് ഡോക്ടര്‍മാര്‍ അടങ്ങുന്ന ടീമാണ് ചികിത്സകള്‍ക്കും പ്രസവത്തിനും മേല്‍നോട്ടം വഹിച്ചത്. 1.4 കിലോഗ്രാം, 1.7 കിലോഗ്രാം, 2.1 കിലോഗ്രാം, 2.2 കിലോഗ്രാം എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ തൂക്കം.

വെബ്ദുനിയ വായിക്കുക