കോളേജ് വിദ്യാര്‍ത്ഥികളടങ്ങുന്ന യുവതലമുറയ്ക്ക് കൊച്ചിയില്‍ അടുത്തമാസം നടക്കുന്ന യുവ സംരംഭകത്വ ഉച്ചകോടി (യെസ്) യുടെ സന്ദേശം കൈമാറാനും സാധ്യതകള്‍ അവരെ ബോധ്യപ്പെടുത്തുന്നതിനുമായി കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന പ്രചാരണ വാഹനങ്ങള്‍ കേരളത്തിലെ കലാലയങ്ങള്‍ ലക്‍ഷ്യമാക്കി ഓടിത്തുടങ്ങി. എറണാകുളം സെന്റ് തേരേസാസ് കോളേജില്‍ നടന്ന ചടങ്ങില്‍ യെസ് റോഡ്ഷോയുടെ ഫ്ലാഗ് ഓഫ് സിനിമാതാരം റിമ കല്ലിങ്കല്‍ നിര്‍വ്വഹിച്ചു.
കേരളത്തിലെ 70 കലാലയങ്ങളിലാണ് യെസ് പ്രൊമോഷണല്‍ റോഡ്ഷോ എത്തുക. യുവതലമുറയില്‍ സംരംഭകത്വ സംസ്ക്കാരം വളര്‍ത്തിയെടുക്കാനും കേരളത്തില്‍ നിലവിലുള്ള എണ്ണമറ്റ സംരംഭകത്വ സാധ്യതകള്‍ അവതരിപ്പിക്കുന്നതിനുമാണ് 2014 സെപ്റ്റംബര്‍ 12 ന് കൊച്ചിയില്‍ യുവ സംരംഭകത്വ ഉച്ചകോടി (യെസ്) അങ്കമാലിയിലുളള ആഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്നത്.
യുവ മനസ്സുകളില്‍ സംരംഭകത്വ സ്വഭാവ രൂപീകരണം നടത്തുന്നതിനുദ്ദേശിച്ചാണ് കെ എസ് ഐ ഡി സി പ്രസ്തുത ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇന്‍ഫോപാര്‍ക്ക്, ടി ബി ഐ, ടെക്നോപാര്‍ക്ക്, കിന്‍ഫ്ര, സ്റ്റാര്‍ട്ട് അപ് വില്ലേജ്, ടൈ, സിഐഐ, കെഎഫ്സി തുടങ്ങിയ വ്യാവസായിക രംഗത്തെ ഇതര സ്ഥാപനങ്ങളുടെ കൂടി പങ്കാളിത്തമുറപ്പുവരുത്തിക്കൊണ്ട് സംഘടിപ്പിക്കപ്പെടുന്ന യെസ് ഉച്ചകോടിയിലൂടെ യുവ സംരംഭകര്‍ക്ക് വിവിധതരം സഹായങ്ങളും അവസരങ്ങളും തുറന്നു കിട്ടും. മികവുറ്റ ആശയം മാത്രം കൈമുതലായി ആത്മവിശ്വാസത്തോടെ മുന്നോട്ടു വരുന്നവര്‍ക്ക് കാലതാമസമില്ലാതെ സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് യുവസംരംഭകത്വ ഉച്ചകോടി വഴിയൊരുക്കും.
സാമ്പത്തിക, സാങ്കേതിക സഹായ സഹകരണങ്ങളും ഈ രംഗത്തെ പരിചയ സമ്പന്നരായ വ്യക്തികളുടേയും സംഘടനകളുടേയും ഉപദേശവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും യുവാക്കള്‍ക്ക് ലഭിക്കും. സംസ്ഥാനത്തെ നൂറിലധികം കോളേജുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളടക്കം 2000ല്‍പ്പരം പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് കേരള സംരംഭകത്വ ദിനമായ സെപ്റ്റംബര്‍ 12 ന് കൊച്ചിയില്‍ നടക്കുന്ന യെസ് ഉച്ചകോടി പൂര്‍ണ്ണ വിജയമാക്കുന്നത് ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങളാണ് കെ എസ് ഐ ഡി സി നടത്തി വരുന്നത്.