സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ സമാപനച്ചടങ്ങില്‍ ചാനലുകളുടെ തമ്മില്‍ത്തല്ലില്‍ ട്രോഫിയുടെ മാതൃക രണ്ടായി ഒടിഞ്ഞ സംഭവത്തില്‍ കെ ജെ യേശുദാസ് ശക്തമായി പ്രതികരിച്ചു. ചാനലുകള്‍ തമ്മിലുള്ള പ്രൊഫഷണല്‍ മല്‍സരം മനസ്സിലാക്കാമെന്നും പക്ഷേ മനോഹരമായ ഒരു കലാമേളയ്ക്കു കളങ്കം വരുത്തുന്ന തരത്തിലേക്ക് ഈ കിടമല്‍സരം തരം താഴുമ്പോള്‍ വീണ്ടുവിചാരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അവസാന നിമിഷം സംഭവിച്ച കാര്യങ്ങള്‍ ഒഴിച്ചാല്‍ ഭംഗിയായി നടന്ന ഒരു മേളയായിരുന്നു കോഴിക്കോട്ടേത്. ട്രോഫി സ്വര്‍ണം കൊണ്ടായാലും തടി കൊണ്ടായാലും അതു മഹത്തായ വിജയത്തിന്‍റെ പ്രതീകമാണ്. അതു തകര്‍ത്തത് എന്തു സ്പിരിറ്റിന്‍റെ പേരിലായാലും അത് തെറ്റാണ് ആരായാലും അംഗീകരിക്കാനാവില്ല അദ്ദേഹം പറഞ്ഞു.
സ്വന്തം വിജയം ആഘോഷിക്കാം. പക്ഷേ മറ്റുള്ളവരുടെ പരാജയം ആഘോഷമാക്കാതിരിക്കാനും അവരെ അപഹസിക്കാതിരിക്കാനുമുള്ള മര്യാദയെങ്കിലും കാട്ടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പണ്ടു കലോല്‍സവത്തിന് ഇത്ര മാധ്യമ പ്രാധാന്യം ലഭിച്ചിരുന്നില്ല. അന്ന് ചാനലുകളും ഉണ്ടായിരുന്നില്ല. കലോല്‍സവങ്ങള്‍ക്കു കൂടുതല്‍ മാധ്യമ പ്രാധാന്യം ലഭിക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് അത് വലിയ പ്രോല്‍സാഹനമാണ്. പക്ഷേ മല്‍സരം കുട്ടികള്‍ തമ്മിലാവണം. അതും വേദിയില്‍ മാത്രം. വേദിക്കു പുറത്ത് ഒരു തരത്തിലുള്ള മല്‍സരവും ആശാസ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കലോല്‍സവത്തിലെ ഏറ്റവും അഭിമാനമായ മുഹൂര്‍ത്തമാണ് ട്രോഫി ഏറ്റുവാങ്ങുന്നത്. ആദ്യ സ്കൂള്‍ കലോല്‍സവത്തില്‍ ഒരു മല്‍സരാര്‍ഥിയായിരുന്ന എനിക്ക് അതിന്‍റെ സുവര്‍ണ ജൂബിലിപ്പതിപ്പില്‍ ജേതാക്കള്‍ക്കു ട്രോഫി സമ്മാനിക്കാന്‍ അവസരം കിട്ടിയത് ഈശ്വര നിയോഗമായാണ് കണ്ടത്. പക്ഷെ മനോഹരമായ ഒരു കലോല്‍സവത്തിന്‍റെ സമാപനത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചതിന് ഉത്തരവാദികള്‍ കുട്ടികളും നാട്ടുകാരുമല്ല. സംഘാടകരെയും കുറ്റം പറയാനാവില്ല. യേശുദാസ് പറഞ്ഞു.
അത് ഒരു രാഷ്ട്രീയ സമ്മേളനമായിരിന്നില്ല. കുട്ടികളുടെ കലോല്‍സവ വേദിയാണ്. അവര്‍ക്ക് അവസരം നല്‍കി ഔചിത്യത്തോടെ മാറി നിന്നു പ്രോല്‍സാഹിപ്പിക്കുന്നതാണ് മര്യാദയും അന്തസും. വേദിയിലേക്ക് കുട്ടികള്‍ എത്തിയപ്പോള്‍ ട്രോഫി സമ്മാനിക്കാനാവാത്ത വിധം സ്റ്റേജില്‍ ആളുകള്‍ ഇടിച്ചുകയറി. ഒടുവില്‍ ഏറെ ബുദ്ധിമുട്ടി ഒരു വിധമാണു ട്രോഫി കുട്ടികളുടെ കൈയില്‍ എത്തിയത്.
രണ്ടായി മുറിഞ്ഞ ആ ട്രോഫി ഉള്ളില്‍ തട്ടുന്ന ഒരു ഓര്‍മയായി മനസ്സിലുണ്ടാവണമെന്ന ഉപദേശം നല്‍കാനും യേശുദാസ് മറന്നില്ല. സ്വര്‍ണ്ണകപ്പ് നേടിയ കോഴിക്കോട് ടീമിനെ ആദ്യം സ്റ്റുഡിയോയിലെത്തിക്കാനുള്ള ചാനലുകാരുടെ ശ്രമത്തിലായിരുന്നു വിജയികള്‍ക്ക് നല്‍കിയ ട്രോഫി രണ്ടായി ഒടിഞ്ഞത്.