യുഡിഎഫ് ഭരണകാലത്ത് ബലാത്സംഗത്തിന് ഇരയായത് 1661 സ്ത്രീകള്‍: ശൈലജ
ബുധന്‍, 20 ഫെബ്രുവരി 2013 (09:15 IST)
PRO
PRO
യുഡിഎഫ് ഭരണത്തിലെ രണ്ടുവര്‍ഷംകൊണ്ട് 1661 സ്ത്രീകളാണ് കേരളത്തില്‍ ബലാത്സംഗത്തിനിരയായതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ. ഇതില്‍ 199പേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് ശൈലജ പറഞ്ഞു. പിഡനക്കേസിലുള്‍പ്പെട്ടവരെ 24 മണിക്കൂര്‍കൊണ്ട് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് എല്‍ഡിഎഫ് ഭരിക്കുന്ന കാലത്ത് മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.
സൂര്യനെല്ലിക്കേസിലെ പ്രതിയായ പി ജെ കുര്യനെയും പെണ്‍കുട്ടിക്കെതിരെ മോശമായ രീതിയില്‍ സംസാരിച്ച കെ സുധാകരനെയും കയ്യാമം വച്ച് അക്രമത്തിനിരയായ പെണ്‍കുട്ടിയോടും രക്ഷിതാക്കളോടും നീതി പുലര്‍ത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെ 40 പേര്‍ 42 ദിവസം പിച്ചിച്ചീന്തിയപ്പോള്‍ അന്നത്തെ പൊലീസ് എവിടെയായിരുന്നെന്ന് ശൈലജ ചോദിച്ചു. തുടര്‍ന്ന് വന്ന നായനാര്‍ സര്‍ക്കാര്‍ ഈ കേസന്വേഷിച്ചപ്പോള്‍ 35 പേരെ ജയിലിലടച്ചെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കണ്ണൂര്‍ ചക്കരക്കല്ലില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പൗരനെന്ന നിലയില്‍ സ്ത്രീക്കും പുരുഷനും സമൂഹത്തില്‍ ഒരേ സ്ഥാനമാണ്. അക്രമത്തിനെതിരെ പ്രതികരിക്കാന്‍ ഇവിടെ ഭരണകൂടമില്ല. ഉണ്ടെങ്കില്‍ സ്ത്രീ സുരക്ഷയായിരിക്കും. ഇപ്പോഴത്തെ സാമൂഹ്യ വ്യവസ്ഥിതി മാറിയാല്‍ മാത്രമേ സ്ത്രീകള്‍ക്ക് രക്ഷയുള്ളൂ. അന്തസ്സുറ്റ ജീവിതത്തില്‍ പരസ്പര ബഹുമാനത്തോടെ കഴിയുമ്പോഴാണ് സ്ത്രീപുരുഷ സമത്വം പൂര്‍ണമാകുന്നത്.